തിരുവനന്തപുരം: കൂട്ടബലാത്സംഗം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസ് ഇൻസ്പെക്ടർ പി ആർ സുനുവിനെ സർവീസിൽ നിന്നും പിരിച്ച് വിടാനുള്ള നടപടികൾക്ക് തുടക്കമായി. 15 പ്രാവശ്യം വകുപ്പുതല നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനെ പിരിച്ച് വിടുന്നതിന് മുന്നോടിയായി ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകി. പിരിച്ച് വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് മൂന്ന് ദിവസത്തിനകം ബോധിപ്പിക്കാനാണ് പൊലീസ് മേധാവിയുടെ നിർദേശം.
സുനുവിനെതിരായ എല്ലാ ആരോപണങ്ങളും നടപടികളും അക്കമിട്ട് നിരത്തിയിട്ടുള്ളതാണ് ഡിജിപി അയച്ച നോട്ടീസ്. ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ജനുവരിയിൽ പി ആർ സുനുവിനെതിരെ അന്വേഷണ വിധേയമായി നടപടി കൈക്കൊണ്ടിരുന്നു. സ്ഥാനക്കയറ്റം തടഞ്ഞു കൊണ്ടുള്ള നടപടി സംസ്ഥാന പൊലീസ് മേധാവിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് പുനഃപരിശോധിച്ച് പിരിച്ച് വിടലാക്കി പുതുക്കുകയായിരുന്നു. ഇതിന്റെ അവസാന പടിയെന്നോണമാണ് കാരണം കാണിക്കൽ നോട്ടീസ് കുറ്റാരോപിതനായ ഉദ്യോഗസ്ഥന് അയച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടറായി സേവനം അനുഷ്ടിക്കവേ ആയിരുന്നു തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗക്കേസിലെ ഇര പി ആർ സുനുവിനെതിരെ ആരോപണമുന്നയിച്ചത്. കേസിന് പിന്നാലെ സസ്പെൻഷനിൽ തുടരവേയാണ് പിരിച്ച് വിടൽ നടപടികൾക്ക് തുടക്കമായത്. ഗുരുതരമായ ക്രിമിനൽ സ്വഭാവമുള്ല കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥർ നിസാരമായ വകുപ്പുതല നടപടികൾ മാത്രം നേരിട്ട് സ്ഥാനക്കയറ്റം വരെ നേടുന്നതായി സംസ്ഥാന പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് സേനയുടെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
പ്രാഥമിക പരിശോധനയുടെ ഭാഗമായി തയ്യാറാക്കിയ 85 ഉദ്യോഗസ്ഥരുടെ പട്ടികയിൽ അവസാനഘട്ട സൂക്ഷ്മ പരിശോധന നടപ്പിലാക്കാൻ ഡിജിപി പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഇടുക്കിയിൽ മാങ്ങ മോഷടിച്ച പൊലീസുകാരനെയും എറണാകുളത്ത് സ്വർണമോഷണത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും പിരിച്ച് വിടാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി ആരംഭിച്ചതായാണ് വിവരം.