കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ അനുകരിച്ച് എൽകെജി വിദ്യാർത്ഥി ചെയ്ത ഫാൻസി ഡ്രസ് വീഡിയോ പ്രചരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കാഞ്ഞിരപ്പള്ളി ആനിക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്ക്കൂൾ. ഒരു രക്ഷിതാവ് നടത്തിയ പ്രവർത്തി മൂലം കേരള പൊലീസിനുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സ്ക്കൂൾ അറിയിച്ചു. സാമൂഹിക മാധ്യമത്തിൽ വീഡിയോ പ്രചരിക്കുന്നതിൽ യാതൊരു സഹായവും പിന്തുണയും രക്ഷിതാവിന് നൽകിയിട്ടില്ലെന്നും സ്ക്കൂൾ അധികൃതർ അറിയിച്ചു. സ്ക്കൂളിനും പൊലീസ് സേനയ്ക്കും ഒരുപോലെ അപമാനമായ വീഡിയോ പിൻവലിക്കാൻ രക്ഷിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
‘വീഡിയോ സ്ക്കൂളിൽ നിന്നും ഔദ്യോഗികമായി എടുത്തിട്ടുള്ളതല്ല. മത്സരത്തിൽ പങ്കെടുത്ത കുട്ടിയുടെ പിതാവ് മൊബൈൽ ഫോണിൽ എടുത്ത് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ രക്ഷിതാവിനെ വിളിക്കുകയും അദ്ദേഹത്തിന്റെ നടപടി മൂലം പലർക്കും വൈഷമ്യം ഉണ്ടായിട്ടുള്ള പോസ്റ്റ് പിൻവലിക്കണമെന്നും പറഞ്ഞിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളുടെ ഓഫീസിൽ ബന്ധപ്പെട്ട് സൈറ്റിൽ നിന്നും പോസ്റ്റ് നീക്കം ചെയ്യണമെന്നും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.’ പ്രസ്താവനയിൽപറയുന്നു