കോഴിക്കോട്: മാസങ്ങള്‍ക്ക് മുൻപ് എംഡിഎംഎയുമായി പിടികൂടുന്നതിനിടെ എസ്‌ഐയെ ആക്രമിച്ച് കടന്ന സംഘം പിടിയില്‍. ലഹരികടത്തുകാരനെയും കൂട്ടാളിയെയുമാണ് വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്.5.710 കിലോ ഗ്രാം കഞ്ചാവുമായാണ് ഇവരെ കോഴിക്കോട് റൂറല്‍ എസ് പി ഡോ. അരവിന്ദ് സുകുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. താമരശേരി ചുടലമുക്ക് എരേറ്റുംചാലില്‍ ഫത്താഹുള്ള (34), താമരശേരി ആലപ്പടിമ്മല്‍ അബ്ദുല്‍ വാസിത്ത് (33) എന്നിവരാണ് ഇന്ന് വെെകിട്ടോടെ മുക്കം കുറ്റിപ്പാലയില്‍ വച്ച് പിടിയിലായത്. ഇവരുടെ കാറിന്റെ ഡിക്കിയിലും പ്രതികളുടെ കെെവശം പ്ലാസ്റ്റിക് കവറിലും ബാഗിലുമായി കഞ്ചാവ് സൂക്ഷിച്ചിരുന്നു. ഇതും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ നാലര ലക്ഷത്തോളം രൂപ വിലയുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ നാലിന് രാത്രി ഫത്താഹുള്ളയുടെ ചുടലമുക്കിലുള്ള വീട്ടില്‍ പരിശോധന നടത്തി പൊലീസ് 145 ഗ്രാം എംഡിഎയെ പിടികൂടിയിരുന്നു. എന്നാല്‍ ഇയാള്‍ എസ്‌ഐയെ ഉള്‍പ്പെടെ മർദ്ദിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാ8 കവിഞ്ഞ നാലര മാസമായി ഒളിവില്‍ കഴിഞ്ഞ് വീണ്ടും മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്നതായാണ് വിവരം. സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ കൂട്ടാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ രണ്ട് പേർ പിടിയിലായത്. ഇപ്പോള്‍ പിടിയിലായ സ്ഥലത്തിന് സമീപത്തായി മൂന്ന് ദിവസം മുന്‍പ് പ്രതികള്‍ വാടകക്ക് വീട് എടുത്തിരുന്നു. ഈ വീട്ടില്‍ നിന്നും കഞ്ചാവ് വില്‍പനക്കായി ഇറങ്ങുമ്ബോഴാണ് പ്രതികളെ പിടികൂടിയത്.