ഭാഗം- രണ്ട്
ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക സമരം ഏറ്റവുമധികം ബാധിച്ചത് പഞ്ചാബിനെയായിരുന്നു. ഡല്‍ഹിയുടെ ദേശീയപാതകളെ സ്തംഭിപ്പിച്ചുകൊണ്ട് സമരം നടത്തിയത് പഞാചബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു. ഒരു വര്‍ഷം ആ കര്‍ഷക സമരത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. കഴിഞ്ഞ കൊല്ലം ജനുവരി 26ന് റിപ്പബ്ലിക് ഡേയില്‍ ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന ജനകീയ റിപ്പബ്ലിക്കിനോട് പോലും നിഷേധാത്മക നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിന്. അന്ന് മൂന്നോളം കര്‍ഷകര്‍ അവിടെ രക്തസാക്ഷികളായി. അതിന് ശേഷം പിന്നെയും കാലങ്ങള്‍ നീണ്ടുനിന്ന കര്‍ഷക സമരത്തില്‍ കഠിനമായ തണുപ്പിലും കൊടും ചൂടിലും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണവും 780ഓളം കര്‍ഷകര്‍ രക്തസാക്ഷികളായി. ഏറ്റവും ഒടുവിലായി യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധം നടത്തിയ കര്‍ഷകരുടെ ഇടയിലേക്ക് മന്ത്രിപുത്രന് വാഹനം ഇടിച്ച് കയറ്റുക വരെ ഉണ്ടായി. എന്നിട്ടും കുലുങ്ങാതിരുന്ന കേന്ദ്ര സര്‍ക്കാരും മോദിയും, ഇലക്ഷന് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് കര്‍ഷകരോട് മാപ്പപേക്ഷയുമായി വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൂല്കൊണ്ട് കിട്ടിയ തല്ല്
ഇതിനെല്ലാം ഇടയില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരുന്നു. അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ധുവും പരസ്പരം കൊമ്പുകോര്‍ത്തു. പഞ്ചാബില്‍ ബിജെപിക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ തല്ല് കിട്ടിക്കൊണ്ടുമിരുന്നു. ആയിടക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ പോലും ആളെ കിട്ടിയിരുന്നില്ല. വര്‍ഷങ്ങളോളം ഉറ്റ രാഷ്ട്രീയ അനുയായി ആയിരുന്ന ശിരോമണി അകാലിദള്‍ മുന്നണി വിട്ടതോടെ തീര്‍ത്തും ദുര്‍ബലമായ അവസ്ഥ. കോണ്‍ഗ്രസ് അന്നും സംഘടനാ തലത്തില്‍ ശക്തരായിരുന്നു എന്നോര്‍ക്കണം, കര്‍ഷക സമരത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന കാലവും. ഒരു ഈസി വാക്ക് ഓവര്‍ പ്രതീക്ഷിച്ച സംസ്ഥാനമായിരുന്നു കോണ്‍ഗ്രസിന് പഞ്ചാബ്. ആ സംസ്ഥാനമാണ് കോണ്‍ഗ്രസ് ആപ്പിന് മുന്നില്‍ അടിയറവ് വച്ചത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനം കോണ്‍ഗ്രസിനെ ‘ചൂല്കൊണ്ട്’ തല്ലി താഴെയിട്ടു എന്ന് വേണം പറയാന്‍. അതിന് കാരണം, കോണ്‍ഗ്രസ് നേതൃത്വവും ഹൈക്കമാന്‍ഡും പഞ്ചാബില്‍ കളിച്ച ഏറ്റവും നാണംകെട്ട കളിയാണ്.
നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ ഔട്ട് ആകേണ്ട അവസ്ഥ
ജനകീയനായ ക്യാപ്റ്റന്‍ അമരീന്ദറിനെ താഴെയിറക്കാനായി ഒരു സ്ഥിരതയുമില്ലാത്ത നവജ്യോത് സിംഗ് സിദ്ധുവിനെ മുന്‍നിര്‍ത്തി കളിച്ച കളിയുടെ പരിണിത ഫലം. പഞ്ചാബ് ഡിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ധു ആദ്യം ബിജെപിയിലായിരുന്നു. അവിടെ നിന്നും തെറ്റിയ അദ്ദേഹം ഇടക്കാലത്ത് ആപ്പിലേക്ക് പോകുമെന്ന ശ്രുതി ശക്തമായിരുന്നു. കെജ്രിവാളുമായി അടുക്കാന്‍ കഴിയാതെ വന്നതോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിദ്ധു കോണ്‍ഗ്രസില്‍ എത്തുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദത്തോടെയായിരുന്നു ആ വരവ്. എന്നാല്‍, ക്യാപ്റ്റന്‍ സിദ്ധുവിന്റെ വരവ് ഇഷ്ടമായിരുന്നില്ല. എങ്കിലും അദ്ദേഹം പരസ്യമായി എതിര്‍പ്പ് അറിയിക്കാന്‍ തുനിഞ്ഞില്ല. ക്യാപ്റ്റന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിസ്ഥാനം കൊതിച്ച സിദ്ധുവിന് മന്ത്രിസ്ഥാനം കൊണ്ട് തൃപ്തനാകേണ്ടി വന്നു. അവിടെ നിന്നും തുടങ്ങിയ പോരാണ് ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിനെ എത്തിച്ചത്. ‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ ഔട്ട് ആകേണ്ട അവസ്ഥ’ , ഒരു പരസ്യ വാചകമാണ്. അതേ അവസ്ഥ ആയിരുന്നു കോണ്‍ഗ്രസിന് പഞ്ചാബില്‍. ക്ലീന്‍ ബൗള്‍ഡായി എന്ന് വേണമെങ്കിലും പറയാം. ആം ആദ്മിയുടെ വിജയത്തേക്കാള്‍ ചര്‍ച്ചയാകേണ്ടത് കോണ്‍ഗ്രസിന്റെ പരാജയമാണ്.
റോള്‍ നഷ്ടപ്പെടുന്നു
എക്സിറ്റ് സര്‍വ്വേ ഫലങ്ങള്‍ പ്രഖ്യാപിച്ചത് പോലെ ആപ് വലിയ വിജയെ പഞ്ചാബില്‍ കൊയ്തു. ഡല്‍ഹിക്ക് പുറത്ത് ആം ആദ്മി പാര്‍ട്ടി അതിന്റെ സ്വാധീനം വിപുലപ്പെടുത്തുന്നതിന്റെ ആദ്യ ചുവടാണ് പഞ്ചാബിലെ വിജയം. അതിനൊപ്പം തന്നെ കോണ്‍ഗ്രസിന് ബദല്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ആപ്പിന്റെ വിജയം. കോണ്‍ഗ്രസ് പരാജയപ്പെട്ടിടത്തൊക്കെ ബിജെപിയോ പ്രാദേശിക പാര്‍ട്ടികളോ വിജയിച്ച ചരിത്രമാണുള്ളത്. ബംഗാളിന്റെ കാര്യം നോക്കൂ, അവിടെ ബിജെപിക്ക് ബദല്‍ തൃണമുല്‍ കോണ്‍ഗ്രസാണ്. തെലുങ്കാനയില്‍ അത് തെലുങ്ക് ദേശം പാര്‍ട്ടിയും ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിആര്‍എസും ആണ്. തമിഴ്നാട്ടില്‍ ബിജെപിയെ എതിര്‍ത്ത് നീങ്ങുന്നത് സ്റ്റാലിന്റെ ഡിഎംകെ. ഒരു കാലത്ത് ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായിരുന്ന സിപിഎം ഇന്ന് കേരളത്തില്‍ മാത്രം ഒതുങ്ങിയെങ്കിലും കേരളത്തില്‍ ബിജെപിയെ എതിര്‍ത്ത് നില്‍ക്കുന്നത് സിപിഎമ്മാണ്. 27 സീറ്റുണ്ടായിരുന്ന മണിപ്പൂരില്‍ 7 സീറ്റിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തി. പത്ത് വര്‍ഷമായി അധികാരം നഷ്ടപ്പെട്ട ഗോവയിലും ഇത് തന്നെ അവസ്ഥ. ഈ ഗണത്തിലേക്ക് ആം ആദ്മിയും കടന്നുവന്നു. അങ്ങനെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം കോണ്‍ഗ്രസിന്റെ റോള്‍ നഷ്ടപ്പെടുകയാണ്.
ആന്ധ്ര മറക്കരുത്
പഞ്ചാബിന്റെ കാര്യം പറയുമ്പോള്‍ ആന്ധപ്രദേശ് മറക്കാനാവില്ല. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഐക്യ ആന്ധ്രപ്രദേശില്‍(വിഭജനത്തിന് മുന്‍പ്) കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ടായിരുന്നു. ഹൈക്കമാന്‍ഡിന് മുകളില്‍ വൈഎസ്ആര്‍ വളര്‍ന്നപ്പോള്‍ അദ്ദേഹത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കി. ദൗര്‍ഭാഗ്യവശാല്‍ അപ്രതീക്ഷിതമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ ഇല്ലാതെയായി. അദ്ദേഹത്തിന്റെ മകന് വൈഎസ് ജഗന്മോഹന് റെഡ്ഡിക്ക് മുഖ്യമന്ത്രിപദം നല്കാതിരിക്കാന് എല്ലാ വൃത്തികെട്ട കളിയും കോണ്‍ഗ്രസ് കളിച്ചു. അന്ന് റോസയ്യയെ മുന്‍നിര്‍ത്തി ജഗന്മോഹന് റെഡ്ഡിയെ വെട്ടിയ കോണ്‍ഗ്രസിന് ഇന്ന് അതിന്റെ ഉത്തരം ലഭിച്ചു, ആന്ധ്രയില്‍ മേല്‍വിലാസമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് മറന്നാലും ജനങ്ങള്‍ നെറികേടിന്റെ കഥകള്‍ മറന്നില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ബാലന്‍സിഗ് കൊണ്ടും കടല്ക്കിഴവന്മാരെ മാത്രം കേട്ടും ഈ പാര്‍ട്ടി എത്രനാള്‍ മുന്നോട്ട് പോകും? കുതിപ്പ് കിതപ്പായി, അവശേഷിക്കുന്ന കിതപ്പ് നിലക്കാതെ നോക്കണമെങ്കില്‍ പണിയെടുത്തേ മതിയാവൂ…!