കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്കിയാല് മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.