കോട്ടയം : പൊൻകുന്നത്ത് പലചരക്ക് കട നടത്തുന്ന മധ്യവയസ്കയെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പരിയാരത്ത് വീട്ടിൽ ഭാസ്കരൻ മകൻ മണിയൻ എന്ന് വിളിക്കുന്ന വിനോദ് (42), ചിറക്കടവ് ഇടഭാഗം കരയിൽ വെട്ടിയാനിക്കൽ വീട്ടിൽ ശിവരാമൻ നായർ മകൻ പ്രദീപ് (46) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ മണിയൻ എന്ന് വിളിക്കുന്ന വിനോദ് കഴിഞ്ഞദിവസം ചിറക്കടവ് ഭാഗത്തുളള്ള മധ്യവയസ്ക നടത്തുന്ന പലചരക്ക് കടയിൽ സാധനം വാങ്ങുവാന്‍ ചെല്ലുകയും പൈസ കൊടുത്തതിനുശേഷം ബാക്കി പണം തിരികെ തരുവാന്‍ താമസിച്ചതിനും , കൂടാതെ സ്ത്രീ കടയിൽ നിന്ന് മുന്‍പ് പലചരക്ക് സാധനം കടം വാങ്ങിച്ചതിൽ ബാക്കി നിൽക്കുന്ന പണത്തെക്കുറിച്ച് വിനോദിനോട് ചോദിക്കുകയും ചെയ്തതിലുള്ള വിരോധം മൂലം ഇയാള്‍ മധ്യവയസ്കയെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു.
അതിനുശേഷം കടയിൽ വിൽക്കാൻ വച്ചിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. സ്ത്രീയുടെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ വിനോദിനെ പിടികൂടുകയായിരുന്നു. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് സുഹൃത്തായ പ്രദീപിനെയും അന്വേഷണസംഘം പിടികൂടിയത്.
പ്രദീപ് തന്റെ ഓട്ടോറിക്ഷയിൽ വിവിധ സ്ഥലങ്ങളിൽവിനോദിന് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുക്കുകയായിരുന്നു . വിനോദിന് പൊൻകുന്നം സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്.പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ എന്‍.രാജേഷ് ,എസ്.ഐ റെജിലാൽ, എ.എസ്.ഐ അജിത്ത്, സി.പി.ഓ മാരായ ജയകുമാർ,ബിബിൻ, ഗോപകുമാർ,കിരൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.