പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേരെ പൊലീസ് കേസിലും പ്രതി ചേർത്തു.
പൊന്നമ്പലമേട്ടിൽ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം കടന്നുകയറി പൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ഒൻപത് പേരെ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വനം വകുപ്പ് കേസിൽ ഇന്നലെ റിമാന്റിലായ രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് റാന്നി കോടതിയിൽ അപേക്ഷ നൽകും. നാരയണനെയും രാജേന്ദ്രനേയും സാബുവിനേയും മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള തമിഴ്നാട് സ്വദേശികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ സംബന്ധിച്ച് കൂടുതൽ വിവരം കിട്ടാനാണ് റിമാന്റിലുള്ള രാജേന്ദ്രനെയും സാബുവിനേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.
പൊലീസും വനം വകുപ്പും കേസെടുത്തതോടെ നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പിന്റെ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയി. പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് കമ്മീഷണറുടെ പരാതിയിലാണ് മൂഴിയാർ പോലീസ് കേസെടുത്തത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂർവ്വം പ്രവർത്തിക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.