പൊന്നാനിയില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിലൂടെ അപരന്മാരുടെ വെല്ലുവിളി മറികടക്കാനാകും : കെ എസ് ഹംസ

മലപ്പുറം : പൊന്നാനിയില്‍ താന്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിലൂടെ അപരന്മാരുടെ വെല്ലുവിളി മറികടക്കാനാകുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി കെ എസ് ഹംസ. തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഹംസ മത്സരിക്കുന്നത്. സിപിഎമ്മിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ എസ് ഹംസ.

Advertisements

ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട കെ എസ് ഹംസയ്ക്ക് പൊന്നാനിയില്‍ സീറ്റ് നല്‍കുന്നതോടെ ലീഗ് കോട്ടയുടെ അടിത്തറയിളക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. 1962 മുതല്‍ 1971 വരെ മൂന്ന് തവണമാത്രമാണ് പൊന്നാനി ഇടതിനൊപ്പം നിന്നിട്ടുള്ളത്. നിയമസഭയിലേക്ക് രണ്ടാമതും പിണറായി സര്‍ക്കാരിനെ ജയിപ്പിച്ച ജനം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ഇടത് പാളയത്തിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇമ്പിച്ചി ബാവയെയും സി കെ ചക്രപാണിയെയും എം കെ കൃഷ്ണനെയും പിന്തുണച്ച പൊന്നാനി വീണ്ടും ഇടതിന്റെ കൈയിലെത്തിക്കാന്‍ മുന്‍ മുസ്ലിം ലീഗ് നേതാവിനാകുമോ എന്ന പരീക്ഷണ വേദികൂടിയാണ് ഇത്തവണ എല്‍ഡിഎഫിന് പൊന്നാനി.മുസ്ലീം ലീഗ് പുറത്താക്കിയ മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി കളത്തിലിറക്കാനുള്ള സിപിഎം തീരുമാനം അപ്രതീക്ഷിതമായിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയതിനാണ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കെ എസ് ഹംസക്കെതിരേ ആദ്യം ലീഗ് നടപടിയെടുത്തത്. പിന്നാലെ പാര്‍ട്ടി ചുമതലകളില്‍നിന്ന് നീക്കി. തുടര്‍ന്ന് ഗുരുതരമായ അച്ചടക്കലംഘനം ആരോപിച്ച്‌ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.പൊന്നാനിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണെന്ന് ഹംസ പറഞ്ഞു. പാര്‍ട്ടി ചിഹ്നം തിരഞ്ഞെടുത്തതാണ് ആവേശത്തിന് കാരണം. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ചിഹ്നത്തിനായി സിപിഎം നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതാണ്. മുസ്ലിം ലീഗിനുള്ള മറുപടിയല്ല തന്റെ സ്ഥാനാര്‍ത്ഥിത്വം.

സമസ്ത, മുജാഹിദ്, ഹൈന്ദവസംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുടെയും വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം വോട്ട് നേടി ഇടതുപക്ഷം പൊന്നാനി മണ്ഡലം പിടിച്ചെടുക്കും. തനിക്ക് ലഭിച്ചത് പേയ്‌മെന്റ് സീറ്റാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ല. ഇരു സമസ്തകള്‍ അടക്കം പിന്തുണ അറിയിച്ചിട്ടുണ്ട്. പൊന്നാനിയ്ക്കു വേണ്ടി ജനകീയ മാനിഫെസ്റ്റോ രൂപീകരിക്കും. പൊന്നാനിയില്‍ ഒരു ‘അവയ്ലബിള്‍’ എം പി ആയിരിക്കും. പാര്‍ട്ടി അംഗത്വം തരണോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും കെ എസ് ഹംസ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.