കോട്ടയം : പൂവന്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വൈശാഖ മാസാഘോഷവും പ്രതിഷ്ഠാദിന മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 2024 മെയ് 9 മുതല്‍ 18 വരെ (1199 മേടം 26 മുതല്‍ ഇടവം 4 വരെ) തീയതികളില്‍ ക്ഷേത്രത്തില്‍ നടക്കും. മെയ് 9-ന് ശ്രീകൃഷ്ണ പൗര്‍ണ്ണമി സംഗീതോത്സവം തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. ശ്രീകൃഷ്ണ പൗര്‍ണ്ണമി സംഗീത പുരസ്കാരം സി. പി. മാധവന് നമ്പൂതിരിക്ക് സമ്മാനിക്കും. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനവും സംഗീതാരാധനയും നടക്കും. മെയ് 10-ന് കൈമുക്ക് മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന് നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി അണലക്കാട്ടില്ലത്ത് ശങ്കരന് നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ അഷ്ട്രദ്രവ്യ ഗണപതിഹോമം, കളഭാഭിഷേകം, മറ്റു വിശേഷാല്‍ പൂജകള്‍ ദീപക്കാഴ്ച, ദീപാരാധന തുടങ്ങിയ ചടങ്ങുകളോടെ നടക്കും.
വൈകുന്നേരം 7 മണിക്ക് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം കോട്ടയം താലൂക്ക് എന്‍. എസ്. എസ്. യൂണിയന് പ്രസിഡന്റ് ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. യജ്ഞാചാര്യന്‍ കോഴിക്കോട് ബ്രഹ്മശ്രീ കല്ലംവള്ളി ജയന്‍നമ്പൂതിരി ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. മെയ് 11-ന് രാവിലെ 6.30-ന് യജ്ഞാചാര്യന്‍ കല്ലംവള്ളി ജയന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠ, ഭദ്രദീപപ്രതിഷ്ഠ എന്നിവയോടെ സപ്താഹയജ്ഞം ആരംഭിക്കും. വൈകിട്ട് 8.30 ന് കോട്ടയം എസ്.എച്ച്.മൗണ്ട് ശ്രീബാലാ തിരുവാതിരസംഘത്തിന്റെ തിരുവാതിര നടക്കും. മെയ് 12-ന് വൈകിട്ട് 8.00-ന് തിരുനക്കര ശ്രീമൂകാംബിക നൃത്തകലാക്ഷേത്രത്തിന്റെ ഡാന്‍സ് നടക്കും. മെയ് 13-ന് രാവിലെ 8.00-ന് കാരാപ്പുഴ ശ്രീദുര്‍ഗ്ഗാ കൈക്കൊട്ടികളിസംഘത്തിന്റെ കൈകൊട്ടിക്കളി നടക്കും. മെയ് 14-ന് 5.30-ന് ശ്രീകൃഷ്ണാവതാരം, 7.00-ന് ഭജന, പ്രഭാഷണം, 8.00-ന് ഭക്തിഗാനസുധ എന്നിവയും നടക്കും. മെയ് 15-ന് വൈകുന്നേരം 5.30-ന് രുഗ്മിണി സ്വയംവര ഘോഷയാത്രയും രുഗ്മിണി സ്വയംവരവും നടക്കും, 8.30-ന് ഈര ജി. ശശികുമാറും, എസ്. ഗായത്രിദേവിയും അവതരിപ്പിക്കുന്ന സംഗീതസദസ്സ് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് 16-ന് രാവിലെ 9.30-ന് കുചേലസദ്ഗതിയും വൈകുന്നേരം 5.00-ന് സര്‍വ്വൈശ്വര്യപൂജയും നടക്കും. 8.00 മണിക്ക് തിരുവഞ്ചൂര്‍ ചന്ദ്രിക വേണുഗോപാലിന്റെ സംഗീത സദസ്സ് നടക്കും. മെയ് 17-ന് രാവിലെ 9.00-ന് അവഭൃതസ്നാനഘോഷയാത്രയും, 11.00-ന് ഘോഷയാത്രയ്ക്ക് സ്വീകരണവും സപ്താഹ യജ്ഞ സമാപനവും നടക്കും. വൈകുന്നേരം 7.00-ന് ബാലജ്യോതി ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനം കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന് പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ജ്യോതിപൗര്ണ്ണമിസംഘം പ്രസിഡന്റ് പ്രസന്നകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ചിങ്ങവനം കരിമ്പില്‍ ശ്രീ. മഹാദേവക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി. പി. നാണപ്പന് മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് ബാലജ്യോതി ആദ്ധ്യാത്മിക പഠനകേന്ദ്രം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടക്കും.
മെയ് 18-ന് 2.00 മണിക്ക് അഖില കേരള പൗര്‍ണ്ണമി സംഘം പ്രസിഡന്റ് മാലേത്തു സരളാദേവി എക്സ്.എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ജ്യോതി പൗര്‍ണ്ണമി സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അഖില കേരള പൗര്‍ണ്ണമി സംഘം സെക്രട്ടറി സാവിത്രിയമ്മ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. കെ. വൈശാഖ്, എന്‍. എസ്. എസ്. കരയോഗം സെക്രട്ടറി മുരളീധരന് നായര്‍, എസ്.എന്‍.ഡി.പി. ശാഖായോഗം സെക്രട്ടറി ഷാജി കളരിക്കല്‍, ജ്യോതി പൗര്‍ണ്ണമിസംഘം പ്രസിഡന്റ് പ്രസന്ന കുമാരി തുടങ്ങിയവര്‍ പ്രസംഗിക്കും. പൗര്‍ണ്ണമി സംഘം സെക്രട്ടറി ആര്. ജയശ്രീ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. വൈകുന്നേരം 7 മണിക്ക് പൂവന്തുരുത്ത് വൈഷ്ണവം കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി നടക്കും.