കൊച്ചി : നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലാക്രമണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വസ്തുവകകൾ വിട്ടുകൊടുത്തത്.
ജപ്തി നേരിട്ടതിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്ത് വിട്ടുനൽകിയതായാണ് റിപ്പോർട്ട്. നാശനഷ്ടം കണക്കാക്കുന്നതിനായി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർക്ക് ഓഫീസ് തുടങ്ങാനായി 6 ലക്ഷം അനുവദിച്ചെന്നും സർക്കാർ അറിയിച്ചിരുന്നു. തെറ്റായി നടപടികൾ നേരിട്ടവരുടെ വിശദാംശങ്ങൾ പ്രത്യേക പട്ടികയായി സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.