തിരുവനന്തപുരം: പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശമെന്ന വ്യാജേനയും സൈബർ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കേരള പൊലീസ് വിശദീകരിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം ചുവടെ കാണാം.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിലും പുതിയ സൈബർ തട്ടിപ്പ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ആണ് ലിങ്കുകൾ അയയ്ക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിന് ഇരയാകാൻ സാധ്യത കൂടുതലാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണം.
പോസ്റ്റല്‍ വകുപ്പിന്റെ പേര് പറഞ്ഞുള്ള സമാന തട്ടിപ്പിനെ കുറിച്ച് മുമ്പ് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു. വെയര്‍ഹൗസില്‍ എത്തിയിരിക്കുന്ന പാഴ്സല്‍ ലഭിക്കാനായി അഡ്രസ് അപ്ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംശയാസ്പദമായ ലിങ്ക് സഹിതം മെസേജ് പ്രചരിക്കുന്നത് എന്നായിരുന്നു പിഐബിയുടെ മുന്നറിയിപ്പ്.
ഇന്ത്യാ പോസ്റ്റ് അയക്കുന്ന മെസേജ് എന്ന പേരിലാണ് സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് എത്തിയിരിക്കുന്നത്. ‘നിങ്ങള്‍ക്കുള്ള പാഴ്സല്‍ വെയര്‍ഹൗസില്‍ എത്തിയിട്ടുണ്ട്. ആ പാഴ്സല്‍ നിങ്ങളിലെത്തിക്കാന്‍ രണ്ടുതവണ ശ്രമിച്ചു. എന്നാല്‍ അഡ്രസ് തെറ്റായതിനാല്‍ പാഴ്സല്‍ നിങ്ങള്‍ക്ക് കൈമാറാനായില്ല. അതിനാല്‍ 48 മണിക്കൂറിനകം അഡ്രസ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ പാഴ്സല്‍ തിരിച്ചയക്കേണ്ടിവരും. അഡ്രസ് അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അഡ്രസ് അപ്ഡേറ്റ് ചെയ്താല്‍ 24 മണിക്കൂറിനകം പാഴ്സല്‍ നിങ്ങളില്‍ എത്തുന്നതാണ്’ എന്നുമാണ് വ്യാജ സന്ദേശത്തിലുള്ളത്. അതിനാല്‍ മെസേജിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാവാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്.