വൈക്കം : പൊതിയിലെ പലചരക്ക് വ്യാപാരിയെ പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. തലയോലപ്പറമ്പ് പാലാംകടവ് വൈപ്പേൽ മിഥുൻ (37), പൊതി ചക്കുംകുഴിയിൽ നിഖിൽ (37), ) എന്നിവരെയാണ് കോട്ടയം കോടതി റിമാൻ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പൊതി റെയിൽവേ പാലത്തിന് സമീപമാണ് ആക്രമണം നടന്നത്. റെയിൽവേ മേൽപ്പാലത്തിന് സമീപം പലചരക്ക് കട നടത്തുന്ന തലപ്പാറ തുരുത്തേൽ ജോയി (61) നാണ് യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പൊതി കള്ള് ഷാപ്പിന് സമീപം മീൻ തട്ട് ഇട്ട് വില്പന നടത്തുകയായിരുന്ന മറ്റൊരു വ്യാപാരിയുമായി യുവാക്കൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ അവിടെ മീൻ വാങ്ങാൻ എത്തിയ ജോയി ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ യുവാക്കളിൽ ഒരാൾ മീൻ കടയുടെ സമീപത്ത് കിടന്ന പട്ടിക ഉപയോഗിച്ച് ജോയിയുടെ തലയ്ക്കടിക്കുകയായിരുന്നു. നെറ്റിക്കും തലയ്ക്കും ആഴത്തിൽ മുറിവേറ്റ ജോയി പൊതിയിലെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും ചൊവ്വാഴ്ച വൈകിട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.