പത്തനംതിട്ട :
കെ എസ് ആർ ടി സി യെ അതിജീവനത്തിന്റെ പാതകളിൽ എത്തിച്ചതിന്റെ പ്രധാന മാതൃകകളിൽ ഒന്നാണ് പത്തനംതിട്ടയിലെ ഡിപ്പോയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് തെങ്കാശിയിലേക്ക് ആരംഭിച്ച പുതിയ സർവീസ് പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. കെഎസ്ആർടിസിയുടെ ഏറ്റവും വരുമാനമുള്ളതും ജനപ്രിയവുമായ ടൂറിസം പാക്കേജുകളിൽ ഒന്നാണ് ഗവി ടൂറിസം പാക്കേജ്. ഇടത് സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് രണ്ടു ബസുകൾ മാത്രമാണ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് അന്തർസംസ്ഥാന സർവീസുകൾ നടത്തിയിരുന്നത്. എന്നാലിന്ന് അത് അഞ്ചിരട്ടിയായി വർധിപ്പിക്കാൻ കഴിഞ്ഞു. മൈസൂർ, ബംഗളുരു തുടങ്ങി നിരവധി നഗരങ്ങളിലേക്ക് ഇന്ന് പത്തനംതിട്ടയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. ജീവനക്കാരുടെ ആത്മാർത്ഥ പ്രയത്നവും പൊതുജനങ്ങളുടെ മികച്ച പിന്തുണയും കൊണ്ടാണ് ഡിപ്പോയുടെ പ്രവർത്തനം മികച്ച നിലയിൽ തുടരുന്നതെനും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 6.15 നാണ് തെങ്കാശിയിലേക്കുള്ള പുതിയ സർവീസ് യാത്ര ആരംഭിക്കുന്നത്. രാവിലെ 9.20 ഓടെ തെങ്കാശിയിലെത്തുന്ന ബസ് 9.45 ഓടെ തിരികെ സർവീസ് നടത്തും. പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ സർവീസ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് യാഥാർത്ഥ്യമായത്. ചടങ്ങിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ തോമസ് മാത്യൂ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.കെ അനിൽകുമാർ, നഗരസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.