ബെംഗളൂരു: ലൈംഗികാതിക്രമ കേസിലെ പ്രതിയും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. പ്രജ്വലിന്റെ പക്കൽ നിന്ന് ഇന്നലെ രണ്ട് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളിൽ നിന്നല്ല ദൃശ്യങ്ങൾ പകർത്തിയതെന്നും ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. അതേസമയം, ഡിവൈസ് നശിപ്പിച്ചതായി തെളിഞ്ഞാൽ പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്താനാണ് എസ്ഐടിയുടെ നീക്കം.
പ്രജ്വലിൽ നിന്ന് പാസ്പോർട്ടുകളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ടിക്കറ്റടക്കം മറ്റ് യാത്രാ രേഖകളും എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. പ്രജ്വലിന്റെ ഇ- മെയിൽ, ക്ലൌഡ് അക്കൗണ്ടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് എന്തെങ്കിലും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തോ എന്നും പരിശോധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക 14 ദിവസത്തെ കസ്റ്റഡിയായിരിക്കും. പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി തീരുമാനിച്ചാൽ 7-10 ദിവസം വരെ കസ്റ്റഡിയിലായിരിക്കും. അതല്ലെങ്കിൽ കോടതിക്ക് പ്രജ്വലിനെ റിമാൻഡ് ചെയ്യാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ കസ്റ്റഡി അനുവദിക്കാനാണ് സാധ്യത.
അതേസമയം, ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ പ്രജ്വൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് ജാമ്യഹർജി നൽകുന്നതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിനിടെ, ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യഹർജിയിൽ ബെംഗളൂരുവിലെ സെഷൻസ് കോടതി ഇന്ന് വിധി പറയും. രേവണ്ണയ്ക്ക് ജാമ്യം നൽകിയതിനെ എതിർത്ത് എസ്ഐടിയും കേസുകൾ വ്യാജമെന്നും തള്ളണമെന്നും കാട്ടി രേവണ്ണയും നൽകിയ ഹർജികൾ കർണാടക ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. എംപി ആയതിനാൽ അറസ്റ്റ് വിവരം ഇന്ന് ലോക്സഭാ സ്പീക്കറെ അറിയിക്കും. കുടുംബാംഗങ്ങളെയും വിവരം ഔദ്യോഗികമായി അറിയിക്കും.