ഡൽഹി : സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു.ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ‘പ്രതിബിംബ്’ അന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ നെറ്റ് വര്‍ക്ക് തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിലേക്ക് പ്രോജക്റ്റ് ചെയ്ത് കാണിക്കാന്‍ കഴിയുന്നവിധമാണ് സാങ്കേതികവിദ്യ ക്രമീകരിച്ചിരിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മൊബൈല്‍ നമ്ബറുകളുടെ യഥാര്‍ത്ഥ ലൊക്കേഷനുകള്‍ കണ്ടെത്താന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളെയും സേവന ദാതാക്കളെയും സഹായിക്കും.
യഥാര്‍ഥ ലൊക്കേഷനുകളുടെ മാപ്പ് വ്യൂ ആണ് ഈ സോഫ്റ്റ് വെയര്‍ വഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ കണ്ടെത്തിയ 12 സൈബര്‍ ക്രിമിനല്‍ ഹോട്ട്സ്പോട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. സോഫ്റ്റ് വെയര്‍ കഴിഞ്ഞയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറ്റവാളികള്‍ ലൊക്കേഷന്‍ മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരുടെ തുടര്‍ച്ചയായ ചലനം ട്രാക്ക് ചെയ്യുന്നത് എളുപ്പമല്ലാത്തതിനാലും ഒരുപാട് സമയം വേണ്ടിവരുമെന്നതിനാലും വെല്ലുവിളി ഉയര്‍ത്തുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.അതിനിടെ, ഹരിയാനയിലെയും ഝാര്‍ഖണ്ഡിലെയും സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ വലിയ തോതിലുള്ള ഓപ്പറേഷനുകളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ഹരിയാന പൊലീസ് ഈ ആഴ്ച 42 സൈബര്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂഹിലും മേവാത്തിലും നടത്തിയ റെയ്ഡില്‍ 50 സെല്‍ ഫോണുകള്‍, വ്യാജ ആധാര്‍ കാര്‍ഡുകള്‍, 90 ലധികം സിം കാര്‍ഡുകള്‍, പണം, എടിഎം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.