തിരുവനന്തപുരം: രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരുന്നതോടെ ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയര്‍ന്ന നിലയിലെത്തി. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ വിലക്കയറ്റം ഇതിലും രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്തൃവില സൂചിക ആറ് ശതമാനത്തിനു മുകളിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ജനപ്രിയ അരി ഇനങ്ങളായ മട്ടവടി, ജയ തുടങ്ങിയ ഇനങ്ങള്‍ക്ക് വിലകൂടി. മട്ട വടി അരി മൂന്ന് മാസത്തിനിടെ 8 രൂപയാണ് കൂടിയത്. ജയ അരിക്ക് നിലവില്‍ 38 രൂപയാണ്. പച്ചരി, വെളിച്ചെണ്ണ, പാം ഓയില്‍, പരിപ്പ്, പയര്‍, കോഴി ഇറച്ചി എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. വിളവെടുപ്പ് തുടങ്ങുന്നതോടെ പച്ചക്കറി വില കുറഞ്ഞേക്കുമെങ്കിലും ധാന്യങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ധന വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. പെട്രോള്‍ ഡീസല്‍ വില കൂടിയാല്‍ ഒരാഴ്ചയ്ക്കകം വിലക്കയറ്റം വീണ്ടും കുതിക്കും. ചില ഉത്പന്നങ്ങളുടെ വില കുറഞ്ഞത് 10 ശതമാനമെങ്കിലും ഉയരുമെന്നും സ്റ്റാറ്റിറ്റക്‌സ് മന്ത്രാലയം കണക്കാക്കുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ മാത്രമല്ല സ്റ്റീല്‍, സിമന്റ്, പാത്രങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയുടെയും വില കൂടി. ഉപഭോക്തൃ വില സൂചിക 6 ശതമാനത്തിനു മുകളില്‍ തുടര്‍ന്നാല്‍ പലിശ വര്‍ദ്ധിപ്പിക്കുന്നത് റിസര്‍വ് ബാങ്ക് പരിഗണിക്കും. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ മാസത്തില്‍ നിരക്ക് വര്‍ദ്ധന ഉണ്ടാകാനാണ് സാധ്യത.