ന്യൂഡൽഹി : നരേന്ദ്രമോദി മൂന്നാംതവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുത്തത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി തുടങ്ങിയവരുും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
ബോളിവുഡില്‍ നിന്നടക്കമുള്ള വൻതാരനിരയും ചടങ്ങിന് എത്തിയിരുന്നു. ഇതില്‍ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ വരവ് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. ആദ്യമായാണ് ഒരു സത്യപ്രതിജ്ഞാ ചടങ്ങില്‍ കിംഗ് ഖാൻ പങ്കെടുക്കുന്നത്. നടൻമാരായ അക്ഷയ്‌കുമാറും അനില്‍ കപൂറും മുൻനിരയില്‍ ഉണ്ടായിരുന്നു. തമിഴ് സൂപ്പർതാരം രജനികാന്ത് ഭാര്യ ലത രജനികാന്തിനൊപ്പമാണ് എത്തിയത്. ജവഹർലാല്‍ നെഹ്റുവിന് ശേഷം മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി തുടർച്ചയായി അധികാരമേറ്റത് വലിയ നേട്ടമാണെന്ന് രജനികാന്ത് പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിപക്ഷ പാർട്ടിയെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നും ശക്തമായ പ്രതിപക്ഷത്തെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്നും അദ്ദേഹം ചെന്നൈ വിമാനത്താവളത്തില്‍ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. അനുപംഖേർ, രവീണ ടണ്ടൻ, വിക്രാന്ത് മാസി, രാജ്‌കുമാർ ഹിരാനി എന്നിവരാണ് ബോളിവുഡില്‍ നിന്ന് പങ്കെടുത്ത മറ്റ് പ്രമുഖർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമാരംഗത്ത് നിന്ന് ഇത്തവണ ഒന്നിലേറെ പേർ ബി.ജെ.പി എം.പിമാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതില്‍ കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവും ലഭിച്ചു. കങ്കണ റണൗട്ട്, അരുണ്‍ ഗോവില്‍, മനോജ് തിവാരി, ഹേമമാലിനി, രവി കിഷൻ എന്നിവരാണ് മറ്റ് ബി.ജെ.പി എം.പിമാർ.