ലക്നോ : ഭാരതരത്‌നയില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉത്തർപ്രദേശില്‍ 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14,000 പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കർഷകരുടെ രക്ഷകനായ ചൗധരി ചരണ്‍സിംഗിന് ഭാരതരത്‌ന നല്‍കാനുള്ള അവസരം നമ്മുടെ സർക്കാരിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ലഭിച്ചു. ഉത്തർപ്രദേശിന്‍റെ മണ്ണിന്‍റെ പുത്രൻ ചൗധരി സാഹിബിനെ ആദരിക്കുന്നത് രാജ്യത്തെ കോടിക്കണക്കിന് കർഷകർക്കും തൊഴിലാളികള്‍ക്കും അഭിമാനകരമാണ്. എന്നാല്‍ നിർഭാഗ്യവശാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഇത് മനസിലാക്കുന്നില്ല.-പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൗധരി ചരണ്‍ സിംഗിന്‍റെ പേര് പാർലമെന്‍റില്‍ ചർച്ച ചെയ്യപ്പെടുമ്ബോള്‍, കോണ്‍ഗ്രസിലെ ആളുകള്‍ ചൗധരി സാഹിബിനെക്കുറിച്ച് സംസാരിക്കാൻ പോലും ബുദ്ധിമുട്ടിച്ചത് നിങ്ങള്‍ കണ്ടിരിക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമേ ഭാരതരത്‌നയില്‍ അവകാശമുള്ളു എന്നാണ് കോണ്‍ഗ്രസിലെ ആളുകള്‍ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായി ബാബാസാഹേബ് അംബേദ്കറിന് പോലും കോണ്‍ഗ്രസ് ഭാരതരത്‌നം നല്‍കാതിരുന്നത് അവർ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് അത് നല്‍കിക്കൊണ്ടിരുന്നതിനാലാണ്. ദരിദ്രരെയും ദളിതരെയും പിന്നാക്കക്കാരെയും കർഷകരെയും തൊഴിലാളികളെയും ബഹുമാനിക്കാൻ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മുൻ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്‍റെ ജീവിതകാലത്ത് പോലും അദ്ദേഹവുമായി വിലപേശാൻ കോണ്‍ഗ്രസ് കഠിനമായി ശ്രമിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൗധരി സാഹിബ് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ചു. പക്ഷേ അദ്ദേഹം തന്‍റെ തത്വങ്ങളോട് വിട്ടുവീഴ്ച ചെയ്തില്ല. ഉത്തർപ്രദേശില്‍ അദ്ദേഹത്തിന്‍റെ പേരില്‍ രാഷ്ട്രീയം നടത്തുന്ന പാർട്ടികള്‍ അദ്ദേത്തിന്‍റെ തത്വങ്ങള്‍ പാലിക്കാത്തത് സങ്കടകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ചെറുകിട കർഷകർക്ക് വേണ്ടി ചൗധരി സാഹിബ് ചെയ്തത് രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു.