തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തലസ്ഥാനത്തെ സന്ദർശനത്തിന് സുരക്ഷയൊരുക്കാനുള്ള വാഹനങ്ങളും ഉപകരണങ്ങളും എത്തിച്ചത് വ്യോമസേനയുടെ വിമാനത്തില്‍.പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനും അകമ്ബടിക്കുമുള്ള ബുള്ളറ്റ് പ്രൂഫ് കാറുകള്‍,മൊബൈല്‍ സിഗ്നല്‍ ജാമറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍,മറ്റ് സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഐ.എല്‍ 76 വിമാനത്തിലെത്തിച്ചു. എസ്.പി.ജിയാണ് (സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഫോഴ്സ്) പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്.പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള വെടിയുണ്ടയേല്‍ക്കാത്ത രണ്ട് വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള വാഹനങ്ങളും ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിച്ചു. ആംബുലൻസുകള്‍,മൊബൈല്‍ഫോണ്‍ ജാമറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍,ഒരേതരം കാറുകള്‍ എന്നിവയടങ്ങിയ വാഹനവ്യൂഹം പൊലീസാണ് സജ്ജമാക്കുന്നത്.
ഇന്നലെ മുതല്‍ എസ്.പി.ജി സുരക്ഷാ ട്രയല്‍റണ്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യറാക്കിയ ബ്ലൂ ബുക്ക് പ്രകാരമാണ് സുരക്ഷയൊരുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മൂന്നു ദിവസം മുൻപ് യാത്രയുടെ സമ്ബൂർണ വിവരങ്ങള്‍ തയ്യാറാക്കിയിരിക്കണം.ബ്ലൂ ബുക്ക് മാനദണ്ഡപ്രകാരം 50 പ്ലാറ്റൂണ്‍ പൊലീസിനെയും 200 ഓഫീസർമാരെയുമാണ് നിയോഗിക്കേണ്ടത്. എസ്.പി.ജിയുടെ നിർദ്ദേശപ്രകാരമായിരിക്കണം സുരക്ഷാവിന്യാസം. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് മാറ്റംവരുത്താനാവില്ല. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹം ഏതൊക്കെ റൂട്ടില്‍ പോകണം,ഏതൊക്കെ റൂട്ട് സുരക്ഷിതമാണ് എന്ന് പരിശോധന നടത്തുന്നതിന്റെ ഉത്തരവാദിത്വം എസ്.പി.ജിക്കാണ്.ഒന്നിലേറെ യാത്രാമാർഗങ്ങള്‍ അതത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പുകളുമായി ആലോചിച്ച് എസ്.പി.ജി തയ്യാറാക്കും. വാഹനവ്യൂഹത്തിന്റെ പൈലറ്റ് വാഹനങ്ങള്‍ സജ്ജമാക്കേണ്ടത് പൊലീസാണ്. ജില്ലാഭരണകൂടത്തിനും ഈ ഏകോപനത്തില്‍ പങ്കുണ്ട്.