എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്‍റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈ പോസ്റ്റ് ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…സ്നേഹപൂർവ്വം മോഹൻലാൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വലിയ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസിന്‍റെ ആദ്യ രണ്ട് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.