തൃശ്ശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം ഇംഗീഷിലും മലയാളത്തിലും എത്തിച്ച ഗവേഷകനാണ്. 50 കൊല്ലത്തെ ഗവേഷണത്തിന്റെ ഫലമായിരുന്നു ഇത്. സൈലന്റ് വാലിയിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും ഡോ മണിലാല്‍ ദീർഘകാലം ഗവേഷണം നടത്തിയിരുന്നു.
കാട്ടുങ്ങല്‍ എ. സുബ്രഹ്മണ്യത്തിന്റെിയും കെ.കെ. ദേവകിയുടെയും മകനായി 1938 സെപ്റ്റംബര്‍ 17 ന് പറവൂര്‍ വടക്കേക്കരയില്‍ ജനനം, എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. മധ്യപ്രദേശിലെ സാഗര്‍ സർവകലാശാലയിൽ നിന്ന് 1964 ല്‍ പിഎച്ച്ഡി നേടി. 1964 ല്‍ കാലിക്കറ്റ് സെന്ററിൽ ബോട്ടണി വകുപ്പില്‍ അധ്യാപകന്‍. പിന്നീട് കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികൾ വഹിച്ചു. ശാസ്ത്ര മേഖലയിലെ സംഭാവനകള്‍ മാനിച്ച് 2020 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.