കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. മണ്ണാറക്കയം കരിമ്പനാല്‍ രഞ്ജു കുര്യന് (50) പിന്നാലെയാണ് ചികിത്സയില്‍ കഴിയുകയായിരുന്ന മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു-78) യും കൊല്ലപ്പെട്ടത്. രഞ്ജു കുര്യന്റെ ജ്യേഷ്ഠന്‍ പാപ്പന്‍ എന്നറിയപ്പെടുന്ന ജോര്‍ജ് കുര്യന്‍ (52) ആണ് വെടിയുതിര്‍ത്തത്. ജോര്‍ജിനെ ഇന്നലെ തന്നെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയില്‍ ഫ്‌ലാറ്റ് നിര്‍മ്മാതാവായ ജോര്‍ജ് കുര്യന്‍ കുടുംബ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലം കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയിരുന്നു. ഊട്ടിയില്‍ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ് , തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയത്. ഇത് അറിഞ്ഞ് ജോര്‍ജ് കുര്യന്‍ മൂന്ന് മണിയോടെ സ്ഥലത്ത് എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിനുള്ളിലേയ്ക്ക് കയറിയ ജോര്‍ജ് തന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ത്തു. തലയ്ക്ക് വെടിയേറ്റ രഞ്ചു തല്‍ക്ഷണം മരിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലയ്ക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വെടിയേറ്റ അബോധാവസ്ഥയിലായി മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെയോടെ മരിച്ചു.
ഇയാള്‍ തനിക്ക് ലൈസന്‍സുള്ള റിവോള്‍വര്‍ ആണ് വെടിവെക്കാന്‍ ഉപയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കാഞ്ഞിരപ്പള്ളിയിലെ പ്രബല കുടുംബമാണ് വെടിവയ്പ്പ് ഉണ്ടായ കരിമ്പനാല്‍. കഴിഞ്ഞ കുറച്ച് നാളുകളായി ഈ കുടുംബത്തില്‍ തര്‍ക്കങ്ങള്‍ നിലവിലു ണ്ടായിരുന്നു. എന്നാല്‍ ഇത് വെടിവെയ്പ്പില്‍ കലാശിച്ചത് അപ്രതീക്ഷിതമായി.