ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഓക്ടോബർ 31 മുതൽ പൂർണ്ണസ്വരാജ് ദിനമായ ഡിസംബർ 31 വരെ ദ ഐഡിയ ഓഫ് ഇന്ത്യ(ഇന്ത്യയെന്ന ആശയം) ക്യാമ്ബയിൻ നടത്താൻ കെപിസിസി തീരുമാനിച്ചതായി സംഘടനാ ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനവുമായ ഒക്ടോബർ 31ന് പുതുതായി രൂപികരിച്ച വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ 8ന് ഇന്ദിരാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ശേഷം ഇരുവരുടെയും ജീവചരിത്ര പാരായണവും അനുസ്മരണ പരിപാടികളും നടത്തും.
നവംബർ 9ന് മുൻ രാഷ്ട്രപതി കെ.ആർ.നാരാണന്റെ ചരമദിനവും നവംബർ 11ന് മൗലാന അബ്ദുൾ കലാം ആസാദിന്റെ ജന്മദിനവും ഡിസിസികളുടെ നേതൃത്വത്തിൽ ആചരിക്കും.പ്രഥമ പ്രധാനമന്ത്രിയും അധുനിക ഇന്ത്യയുടെ ശിൽപ്പിയുമായ ജനഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14ന് വൈകുന്നേരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജവഹർ ബാൽമഞ്ചിന്റെ സഹകരണത്തോടെ നെഹ്‌റു അനുസ്മരണ പരിപാടികൾ നടത്തും. നവംബർ 1 മുതൽ 14 വരെയുള്ള രണ്ടാഴ്ചക്കാലം കുട്ടികൾക്കായി പ്രസംഗം, സംവാദം,പെയിന്റിംഗ്,പ്രബന്ധരചന,ക്വിസ്,കവിത,-കഥാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കും.അനുസ്മരണ സമ്മേളനത്തിൽ പ്രസംഗ മത്സരത്തിലെ വിജയികളായ കുട്ടികളെ പങ്കെടുപ്പിച്ച് 15 മിനിറ്റോളം നെഹ്‌റുവിന്റെ പ്രാധാന്യവും പ്രസക്തിയും എന്ന വിഷയത്തിൽ പ്രസംഗവും നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബർ 19 ഇന്ദിരാഗാന്ധിയുടെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിക്കും. ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്ക്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ 6 കെപിസിസിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ഡിസിസികളുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയും ബി.ആർ.അംബേദ്ക്കറും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തിൽ ഭരണഘടനയുടെ പ്രാധാന്യം വിളിച്ചോതുന്ന സെമിനാറുകളും സംഘടിപ്പിക്കും.
കർണാടകയിലെ ബെൽഗാമിൽ വെച്ച് നടന്ന എഐസിസി സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷനായി മഹാത്മാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാർഷികമാണ് ഡിസംബർ 27ന്. അതിനോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഗാന്ധി ജയന്തി ദിനത്തിൽ കെപിസിസി തുടക്കം കുറിച്ചിരുന്നു. ഒരു വർഷക്കാലം വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഒരു കമ്മിറ്റിക്കും കെപിസിസി രൂപം നൽകും.ഒരു വർഷക്കാലത്തെ തുടർപരിപാടികളുടെ വിശദാംശം കെപിസിസി അറിയിക്കും. കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28 വിപുലമായ പരിപാടികളോടെ ആഘോഷിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.