കോട്ടയം: ജീവനക്കാരുടെ അമിത ജോലിഭാരം കുറച്ചും നവീകരണ നിർദ്ദേശം നടപ്പിലാക്കിയും പി.എസ്.സി.യെ ശക്തിപ്പെടുത്തണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരണം പി.എസ്.സി.യുടെ നാശത്തിന് കാരണമാകും. റാങ്ക് ലിസ്റ്റിൽ കുറഞ്ഞ എണ്ണം ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നത് നിയമന നിരോധനത്തിന് സമമാണ്. ജീവനക്കാരുടെ ട്രാവൽ അലവൻസിന് നിയന്ത്രണം കൊണ്ടുവന്നതും പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള പി.എസ്.സി. എംപ്ലോയീസ് അസോസിയേഷൻ 34 ആം കോട്ടയം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് ആർ ജി അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു. ജില്ലാ പ്രസിഡന്റ് എസ്. ബിനോജ് , സെക്രട്ടറി ഷിജിനിമോൾ തമ്പി , ഷാജിമോൻ പി.കെ , സജിമോൻ സി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.