പത്തനംതിട്ട :
പെണ്‍കുട്ടികള്‍ കഴിവ് തിരിച്ചറിഞ്ഞു സ്വയം പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രകാരം ജില്ലയിലെ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ ഏറ്റവും അര്‍ഹരായ പെണ്‍കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു കളക്ടര്‍. ഉള്ളിലെ കഴിവുകള്‍ തിരിച്ചറിയുന്നതിനും സ്വയം മനസിലാക്കുന്നതിനും പെണ്‍കുട്ടികള്‍ക്ക് സാധിക്കണം.
കഴിവിനെ തിരിച്ചറിയാനും ഉള്ളില്‍ നിന്ന് ദിശാ ബോധം ഉയരുന്നതിനുമാണ് ഇത്തരം പ്രോത്സാഹനങ്ങള്‍ നല്‍കുന്നത്. ഉള്ളില്‍ ഉള്ള പ്രതീക്ഷയുടെ സ്വരത്തെ അടിച്ചമര്‍ത്താന്‍ സമൂഹത്തില്‍ നിയന്ത്രണങ്ങളും പരിമിതിയുമുണ്ട്. ഇവയെ മറികടന്നു ഉള്‍വിളിയെ കേള്‍ക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടണം. അവരവരുടെ കഴിവനുസരിച്ചു സമൂഹത്തിന് നല്ല സംഭാവന നല്‍കാനും അവയെ അംഗീകരിക്കാന്‍ കഴിയുന്നതുമാണ് ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ കളക്ടറില്‍ നിന്ന് ക്യാഷ് അവാര്‍ഡ് വിദ്യാര്‍ഥിനി തഹാമിന്ന വാങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥിനികളുമായി സംവാദം നടന്നു.
സ്ത്രീധനപ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നാണ് ആഗ്രഹമെന്ന് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ജില്ലാ കളക്ടര്‍ പറഞ്ഞു. ഗാര്‍ഹിക പീഢനത്തില്‍ സ്ത്രീധന വിഷയത്തെ ശക്തമായി കൈകാര്യം ചെയ്യനാകണം. നിയമപരമായി മാത്രമല്ല സമൂഹമെന്ന നിലയിലും തടയാന്‍ സാധിക്കണം. യുവാക്കളുടെ ഇടയില്‍ ശക്തമായ ഇടപെടല്‍ കൊണ്ട് വരാന്‍ സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രകാരം സ്പെഷ്യല്‍ ഇന്‍സെന്റീവ് ഫോര്‍ ഗേള്‍ സ്റ്റുഡന്റ്സ് സെക്യൂറിംഗ് ഹൈ സ്‌കോര്‍ ഇന്‍ സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയിലെ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ ഏറ്റവും അര്‍ഹരായ 89 പെണ്‍കുട്ടികള്‍ക്ക് 1500 രൂപ വീതം കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.