തിരുവല്ല : പുല്ലാട് നാട്ടുകൂട്ടത്തിന്റെ കേശദാന പദ്ധതിയിൽ 250-ാമത് മുടി നൽകി കുറിയന്നൂർ കുഴിമണ്ണിൽ വീട്ടിൽ വിൽസൺ ജോർജ് -വിൽസി ദമ്പതികളുടെ മകൻ വിനീത് വിൽസൺ പങ്കാളിയായി. പുല്ലാട് നാട്ടുകൂട്ടം ചെയർമാൻ രഞ്ജിത്ത് പി ചാക്കോയുടെ സാന്നിധ്യത്തിൽ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയി കേശം ഏറ്റുവാങ്ങി. രണ്ടര വർഷം മുമ്പ് തൃശ്ശൂർ ഹെയർ ബാങ്ക് മിറക്കിൾ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് പുല്ലാട് നാട്ടുകൂട്ടം ഈ പദ്ധതി ആവിഷ്കരിച്ചത്. വളരെ സജീവമായ രക്തദാന സേന ഗ്രൂപ്പും പുല്ലാട് നാട്ടുകൂട്ടത്തിനുണ്ട്.
കോയിപ്പുറം, ഇരവിപേരൂർ, തോട്ടപ്പുഴശ്ശേരി, പുറമറ്റം പഞ്ചായത്തുകളിലെ ആയിരത്തോളം ആളുകൾ നാട്ടുകൂട്ടത്തിന്റെ അംഗങ്ങളാണ്. പുല്ലാട് ഗവൺമെന്റ് യുപി സ്കൂളിലെ പ്രധാന അധ്യാപിക സുനി വർഗീസ്, മകൾ ലിഡിയ എബി, പൂവത്തുമൂട്ടിൽ അനുഗ്രഹ ലീ മാത്യു എന്നിവരിൽ നിന്നും കേശം സ്വീകരിച്ചാണ് പ്രവർത്തനം തുടങ്ങിയത്. ക്യാൻസർ രോഗികൾക്കു വിഗ്ഗ് നിർമ്മിച്ച് നൽകുന്നതിന് വേണ്ടിയാണ് കേശം സ്വീകരിക്കുന്നത്.