തിരുവല്ല : വഞ്ചിമല ഭാഗത്തുനിന്നും മധുരംപുഴ ആറ്റിലേക്ക് വെള്ളം ഒഴുകി മാറേണ്ട ഇടയാടി – കരിപ്പാലത്ത് തോട് പൂർണ്ണമായി തകർന്നതിനെ തുടർന്ന് റെയിൽവേയ്ക്ക് ഇരുവശത്ത് താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. തോടിന്റെ സംരക്ഷണത്തിനായി ലക്ഷക്കണക്കിന് രൂപയാണ് ഇതിനോടകം വിനിയോഗിച്ചിട്ടുള്ളത്. 50 മീറ്റർ മാത്രം ദൂരമുള്ള ഈ തോടിന് മുൻപ് നല്ല വീതി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നാലടി വീതി മാത്രമാണുള്ളത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ചെങ്കിലും ഇതിന്റെ സംരക്ഷണഭിത്തി വർഷങ്ങൾക്കു മുമ്പ് ഇടിഞ്ഞു വീണതോടു കൂടി തുടർപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് സംരക്ഷണഭിത്തി പൂർണമായി ഇടിഞ്ഞുവീണതോടുകൂടി പെയ്തു വെള്ളം പൂർണമായി കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. വെള്ളം ഒഴുകി മാറാത്തതിനെ തുടർന്ന് റെയിൽവേ അടിപ്പാതയിലും വെള്ളക്കെട്ട് രൂപം കൊണ്ടു. പിന്നെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരെ എത്തി അടിപ്പാതയിൽ കൂടിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അടിയന്തരമായി തോട്ടിലെ മണ്ണും കല്ലും ഉൾപ്പെടെയുള്ള വസ്തുക്കൾ നീക്കം ചെയ്തില്ലെങ്കിൽ വരുന്ന മഴയ്ക്കും വീടുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. നാലുവർഷം മുമ്പ് ഒരു പ്രശ്നവും ഇല്ലായിരുന്ന തോടിന്റ കുറെയുള്ള കലുങ്ക് പൊളിച്ച് 20 ലക്ഷം രൂപയ്ക്ക് പുതിയ കലുങ്ക് പണിതതും വാർത്തയായിരുന്നു. കലുങ്ക് അല്ല തോട് വൃത്തിയാക്കി സംരക്ഷിക്കുക ആയിരുന്നു പ്രാധാന്യം എന്നായിരുന്നു നാട്ടുകാരുടെ പക്ഷം.