പത്തനംതിട്ട : പള്ളിയിലും സ്കൂളിലും കവർച്ച നടത്തി പണവും മറ്റും മോഷ്ടിച്ച പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. പത്തനംതിട്ട ഓമല്ലൂർ തൈക്കുറ്റി മുക്ക് സെന്റ് സ്റ്റീഫൻസ് സി എസ് ഐ പള്ളിക്കുള്ളിലെ നേർച്ചവഞ്ചി പൊളിച്ച് അതിലുണ്ടായിരുന്ന 6000 രൂപയും, പള്ളിവളപ്പിലെ സി എം എസ് എൽ പി സ്കൂൾ ഓഫീസിനുള്ളിൽ കടന്ന് ലാപ്ടോപ്, വെയിങ് മെഷീൻ, സ്പീക്കർ തുടങ്ങിയവയും കവർന്ന കേസിലെ പ്രതിയെയാണ് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എഴുകോൺ വാട്ടർ ടാങ്കിന് സമീപം ചൊവ്വല്ലൂർ പ്രേമവിലാസം വീട്ടിൽ റെനിയെയാണ് പത്തനംതിട്ട പോലീസ് പള്ളിയിലും സ്കൂളിലും എത്തിച്ച് ഇന്ന് തെളിവെടുത്തത്.
കഴിഞ്ഞമാസം 19 ന് രാത്രിയായിരുന്നു മോഷണം. അടുത്തദിവസം പള്ളിയുടെ ഡയോസിഷൻ കൗൺസിലറായി ജോലിനോക്കുന്ന കോശി മാത്യുവിന്റെ മൊഴിപ്രകാരം കേസെടുത്ത പോലീസ്, വിരലടയാള വിദഗ്ദ്ധരെയും മറ്റും സ്ഥലത്തെത്തിച്ച് ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. തുടർന്ന് തയാറാക്കിയ ചാൻസ് പ്രിന്റുകളിൽ നിന്നും മോഷണം നടത്തിയത് റെനിയാണെന്ന് പോലീസ് കണ്ടെത്തി. ഇയാൾ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണകേസിൽ കഴിഞ്ഞമാസം 25 ന് അറസ്റ്റിലായി ആലുവ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതിമുമ്പാകെ ഇയാളെ ഹാജരാക്കുന്നതിന് പ്രൊഡക്ഷൻ വാറന്റ് ഉത്തരവാകാൻ പത്തനംതിട്ട പോലീസ് കോടതിയിൽ അപേക്ഷ നൽകിയതിനെതുടർന്ന്, ഉത്തരവ് ഉണ്ടാവുകയും പിന്നീട് പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തശേഷം സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയായിരുന്നു. പള്ളിയുടെ ഹാളിലേക്ക് പ്രവേശിക്കുന്ന ഇടനാഴിയുടെ മുന്നിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ല് വാതിലിന്റെയും അതിന്റെ പിന്നിലെ മുഖ്യവാതിലിന്റെയും പൂട്ടുകൾ അറുത്തുമാറ്റി, പള്ളിക്കുള്ളിൽ പ്രവേശിച്ച് ഇടനാഴിയിൽ വച്ചിരുന്ന തടിയിൽ തീർത്ത വഞ്ചിയുടെ പൂട്ട് പൊളിച്ചാണ് 6000 രൂപ കവർന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പള്ളിയുടെ വടക്കുഭാഗത്തുള്ള ഓഫീസ് മുറിയുടെ വാതിലും പൊളിച്ച് അകത്തുകടന്ന് അലമാരയും തടിമേശയും കുത്തിത്തുറന്നു. തുടർന്ന് പള്ളിവളപ്പിലുള്ള സ്കൂളിന്റെ വാതിൽ തകർത്തു ലാപ്ടോപ്പ്, വെയിങ് മെഷീൻ, സ്പീക്കറുകൾ, കേബിളുകൾ എന്നിവ മോഷ്ടിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ്ഐ മാരായ അനൂപ് ചന്ദ്രൻ, സന്തോഷ് കുമാർ, എഎസ് ഐ ശ്രീകുമാർ, സി പി ഓ മാരായ ജിതിൻ, റെജി ജോൺ, അനൂപ് എന്നിവരാണുള്ളത്.