പത്തനംതിട്ട :
ഭിന്നശേഷിക്കാരുടെ നൈപുണ്യവികസനത്തിനായി വിപുലമായ പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലോകഭിന്നശേഷിദിനാഘോഷസമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരെ അംഗീകരിക്കാനും പരിഗണിക്കാനും പരിരക്ഷിക്കാനുമായി വിവിധ പദ്ധതികളാണ് കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അവര്‍ വലിയ പ്രതിഭകളാണ്. അവരെ ചേര്‍ത്ത് പിടിക്കുന്ന കുടുംബാംഗങ്ങളോടും അധ്യാപകരോടും ഏറെ ബഹുമാനമാണെന്നും അവരുടെ മാനസികവും ശാരീരികവുമായ ശേഷി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിച്ച് മിടുക്കരായി ഏറെ മുന്നോട്ട് വരണമെന്നും അതിന് വേണ്ടി ശ്രമിക്കണമെന്നും ജില്ലാകളക്ടര്‍ എ ഷിബു പറഞ്ഞു. പരിശ്രമിച്ചാല്‍ എന്തും നടക്കും. ഭിന്നശേഷിക്കാരായ പല വ്യക്തിത്വങ്ങളും ലോകപ്രശസ്തരായിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപദ്ധതിയാണ് ഭിന്നശേഷിസൗഹൃദസംസ്ഥാനം. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നെതന്നും കളക്ടര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 ലെ ഉജ്വലബാല പുരസ്‌കാരജേതാവ് ജെസ്വിന്‍ ചാക്കോ, സംസ്ഥാനതല അത്‌ലറ്റിക് മീറ്റില്‍ ഒന്നാം സ്ഥാനം നേടിയ ശിവശങ്കരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡിസംബര്‍ ഒന്നിനും മൂന്നിനുമായി നടന്ന കായിക- കലാമേളയില്‍ ജില്ലയിലെ അന്‍പതോളം സ്ഥാപനങ്ങളില്‍ നിന്നായി എണ്ണൂറോളം കലാ-കായിക പ്രതിഭകള്‍ പങ്കെടുത്തു. മേളയില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാകളക്ടറും ചേര്‍ന്ന് വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എസ്‌കെ കോര്‍ഡിനേറ്റര്‍ ഷിഹാബുദ്ദീന്‍, വനിതാശിശുവികസന ഓഫീസര്‍ യു അബ്ദുള്‍ബാരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന്‍, സീനിയര്‍ സൂപ്രണ്ട് ഷംലബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.