അടൂർ : സമൂഹത്തില്‍ സധൈര്യം മുന്നേറാനുള്ള കഴിവ് സ്ത്രീകള്‍ നേടിയെടുത്തുവെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഷീ – ഹെല്‍ത്ത് കാമ്പയിന്‍ ഏഴംകുളത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡപ്യൂട്ടി സ്പീക്കര്‍.
മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്ട്രെസ് മാനേജ്മെന്റ്, തൈറോയിഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക് തുടങ്ങിയ വിഷയങ്ങളില്‍ ഡോ. ജയ എം ഡേവിസ് ക്ലാസ് നയിച്ചു. മെഡിക്കല്‍ ക്യാമ്പും നടന്നു. ജില്ലാ ഹോമിയോപ്പതി വകുപ്പ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് എന്നിയുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിന്‍ നടത്തിയത്.
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഏകാരോഗ്യ സങ്കല്പത്തില്‍ അധിഷ്ഠിതമായ ബോധവല്‍ക്കരണവുമാണ് ലക്ഷ്യം.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ അധ്യക്ഷയായ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാമണി ഹരികുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ താജുദ്ദീന്‍, ഏഴംകുളം എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അശോകന്‍, പി റ്റി എ പ്രസിഡന്റ് ദിലീപ്, ഡോ. രജനി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.