തിരുവല്ല :
മുൻവിരോധം കാരണം ക്വട്ടേഷൻ സംഘത്തിന് പണം കൊടുത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഗൂഡാലോചനയിൽ ഉൾപ്പെട്ട അഞ്ചാം പ്രതിയെ മുംബൈയിൽ നിന്നും തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ പടിഞ്ഞാറ്റുംചേരി തെക്കേമാകാട്ടിൽ അനീഷ് എൻ പിള്ള (42) യെയാണ് മുംബൈ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. കവിയൂർ ആഞ്ഞിലിത്താനം പഴമ്പള്ളിൽ മനീഷ് വർഗീസിനെ കൊല്ലാൻ ശ്രമിച്ചകേസിലെ അഞ്ചാം പ്രതിയാണ്. ഇയാളാണ് നാലംഗ സംഘത്തിന് ക്വട്ടേഷൻ കൊടുത്തത്. ഇയാൾ മനീഷിനോടും കുടുംബത്തോടും നേരത്തെ വിരോധത്തിൽ കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞവർഷം ഒക്ടോബർ 12 ന് വൈകിട്ട് മൂന്നരക്ക് പഴമ്പള്ളിൽ ജംഗ്ഷനിലാണ് സംഭവം നടന്നത്. ബൈക്കിൽ മാകാട്ടികവല റോഡിൽ സഞ്ചരിച്ച യുവാവിനെ കാറിലെത്തിയ ഒന്നുമുതൽ നാലുവരെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തി. തുടർന്ന് തറയിലിട്ട് മർദ്ദിച്ചു. മോട്ടോർ സൈക്കിൾ അടിച്ചുതകർക്കുകയും ചെയ്തു.
14 ന് എ എസ് ഐ അജികുമാർ എടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ എസ് ഐ രവിചന്ദ്രൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ശ്രമത്തിനാണ് കേസെടുത്തതെങ്കിലും, പിന്നീട് അന്വേഷണത്തിൽ വധശ്രമമാണെന്ന് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് അന്വേഷണം ഏറ്റെടുത്ത എസ് എച്ച് ഓ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികൾക്കായി ഊർജ്ജിതമായ തെരച്ചിൽ നടത്തി. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. പിന്നീട് ഒന്നുമുതൽ നാലുവരെ പ്രതികളായ അനിൽ കുമാർ, വിഷ്ണു, സതീഷ് കുമാർ, റോയ് എന്നിവരെ ഒക്ടോബർ 23 ന് രാത്രി അറസ്റ്റ് ചെയ്തു. ആറാം പ്രതി അഭിലാഷ് മോഹൻ, ഏഴാം പ്രതി സജു എന്നിവരെ 2024 ജനുവരി 10 നും, മാർച്ച് 12 നുമായി അന്വേഷണസംഘം പിടികൂടുകയും ചെയ്തു. അഭിലാഷ് മോഹൻ, സജു എന്നിവരുമായി അനീഷ് ഗൂഡാലോചന നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരിന്നു. തുടർന്നാണ് അനിൽ കുമാർ, വിഷ്ണു, സതീഷ് കുമാർ, റോയ് എന്നിവരെ കൃത്യം നടത്താൻ ഏൽക്കുകയും, ഒക്ടോബർ 10 ന് മനീഷ് വർഗീസിനെ സംഘം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കയായിരുന്നു.
പ്രതികൾ തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ബാങ്ക് രേഖകളും, വാട്സ്ആപ് സന്ദേശങ്ങളും പോലീസ് പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു. അനീഷ് അഭിലാഷ് മോഹൻ, സജു എന്നിവരുമായി നടത്തിയ സാമ്പത്തിക ഇടപാട് പോലീസ് കണ്ടെത്തി. തുടർന്നാണ്, ഈവർഷം അഭിലാഷിനെയും സജുവിനെയും പിടികൂടിയത്. പിന്നീട് കേസിൽ അന്വേഷണം പൂർത്തിയാക്കി പോലീസ് ഇൻസ്പെക്ടർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ന്യൂസിലാന്റിൽ കഴിയുന്ന അനീഷിനുവേണ്ടി ലുക്ക് ഔട്ട് സർക്കുലർ പോലീസ് പുറപ്പെടുവിപ്പിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ലുക്ക് ഔട്ട് സർക്കുലർ നിലവിലുള്ളതിനാൽ മുംബൈ എയർപോർട്ടിൽ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. എയർപോർട്ട് ഇമിഗ്രേഷനിൽ നിന്ന് വിവരം അറിയിച്ചതനുസരിച്ച്, തിരുവല്ലയിൽ നിന്നും പോലീസ് സംഘം അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എസ് ഐ മുഹമ്മദ് സാലിഹ്, എസ് സി പി ഓ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
മുംബൈ സഹർ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ച പ്രതിയെ അവിടെയെത്തി 23 നെത്തി കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തശേഷം അന്ദേരി ജെ എഫ് എം കോടതിയിൽ ഹാജരാക്കി, തുടർന്ന് ട്രാൻസിറ്റ് വാറന്റ് വാങ്ങി പ്രതിയുമായി പോലീസ് സംഘം പിറ്റേന്ന് രാത്രി തിരുവല്ലയിലെത്തി. തുടർ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.പോലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ മുഹമ്മദ് സാലിഹ്, എ എസ് ഐ അജികുമാർ, എസ് സി പി ഓ അഖിലേഷ് എന്നിവർ പങ്കെടുത്തു.