പത്തനംതിട്ട : വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ കോന്നി പോലീസ് പിടികൂടി. ശൂരനാട് തെക്ക്, കക്കാക്കുന്ന് പതാരം കൊച്ചുവായനശാല കാട്ടൂർ വടക്കേതിൽ പിള്ളയുടെ കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുകുമാർ (28) ആണ് അറസ്റ്റിലായത്. കോന്നിയിലെ ഒരു പെട്രോൾ പമ്പിന് സമീപം സൂക്ഷിച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ കഴിഞ്ഞ 30 ന് പുലർച്ചെ 3.15 ഓടെ മോഷണം പോയത് സംബന്ധിച്ച്, പമ്പിലെ ജീവനക്കാരനായ ആദർശിന്റെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്.
അന്വേഷണത്തിനിടെ, ഈമാസം ഒന്നിന് രാത്രി 8.30 ന് കോന്നി ചൈനാമുക്കിന് സമീപത്ത് സ്കൂട്ടറുമായി കണ്ട ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു, സ്കൂട്ടർ പോലീസ് പിടിച്ചെടുത്തു. ഹരിപ്പാട് നിന്നും മറ്റൊരു സ്കൂട്ടർ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കോന്നി പോലീസ് വേറെ കേസ് രജിസ്റ്റർ ചെയ്തു. ടൗണിലെ ബാറിന് അടുത്ത് നിന്നും ഈ വാഹനം പിന്നീട് കസ്റ്റഡിയിലെടുത്തു. തുടർന്ന്, എഫ് ഐ ആറും മറ്റും ഹരിപ്പാട് പോലീസിന് കൈമാറുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചു. വാഹനങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ പ്രതി വിഷ്ണുകുമാറിനെ ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കാൾ വിവരങ്ങൾ കണ്ടെത്തി സാഹസികമായാണ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയിലിൽ നിന്നും ആറുമാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഹരിപ്പാട്, ശൂരനാട്, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ മോഷണം, ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹളയുണ്ടാക്കൽ തുടങ്ങിയ പതിനഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് സമ്മതിച്ചു. കോന്നി ഡി വൈ എസ് പി രാജപ്പന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്പെക്ടർ ദേവരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോന്നി ചൈനാമുക്കിന് സമീപമുള്ള കാട് കയറിയ പറമ്പിൽ ഒളിച്ചു കഴിഞ്ഞ പ്രതിയെ സാഹസികമായി പിടികൂടിയത്. എസ് ഐ സജു എബ്രഹാം , എസ് സി പി ഓമാരായ രഞ്ജിത് , അൽസാം , പ്രസൂൺ , സൈഫുദ്ദീൻ, രാജേഷ് , സുനിൽ കുമാർ , അഖിൽ കൃഷ്ണൻ എന്നിവരാണ് സംഘത്തിലുള്ളത്.