അടൂർ : ചലചിത്ര സംഘടനയായ അമ്മ നിർമ്മിച്ചു നൽകിയ അക്ഷര വീട്ടിൽ സഹോദരങ്ങളുടെ അവഗണന നിമിത്തം അരക്ഷിതാവസ്ഥയിലാവുകയും താമസിക്കുവാൻ പറ്റാതെ വീട് വിട്ടിറങ്ങിയ ചലച്ചിത്ര നടി ബീന സാബുവിന് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കി.
കൊടുമൺ കുളത്തിനാലിൽ പ്രവർത്തിക്കുന്ന മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലേക്കാണ് എത്തിയത്.
മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകയും, ചലചിത്ര നടിയുമായ സീമ ജി നായർ, മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല , സെക്രട്ടറി പ്രീഷിൽഡ ആൻ്റണി, മഹാത്മ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് മുജീബ് റഹ്മാൻ എന്നിവർ ഇന്ന് കൊച്ചിയിലെത്തി ബീന സാബുവിൻ്റെ സംരക്ഷണം ഏറ്റെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 10.30 ന് പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ എത്തി തൻ്റെ വീട് കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർക്കും, തൻ്റെ ജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചവർക്കുമെതിരെ പരാതി നല്കുകയും, താൻ തൻ്റെ സുരക്ഷിതമായ ജീവിതത്തിന് അടൂർ മഹാത്മയിൽ അഭയം തേടുന്ന വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത ശേഷമാണ് ബീന സാബു അടൂരിലേക്ക് തിരിച്ചത്.
കുമ്പളങ്ങി തൈകൂട്ടത്തിൽ ജോസഫ്, റീത്ത ദമ്പതികളുടെ മകളായിരുന്ന ബീന കള്ളൻ പവിത്രനിലെ നായികയായിരുന്നു.
1979-ലെ മാമാങ്കം, തളിരിട്ട കിനാക്കൾ തുടങ്ങി – തൃഷ്ണ, മുന്നേറ്റം, വിടപറയും മുമ്പേ, രണ്ടു മുഖങ്ങൾ, ഉരുക്കുമുഷ്ടികൾ, ഗ്രീഷ്മ ജ്വാല, ചാപ്പ , മാറ്റുവിൻ ചട്ടങ്ങളെ, ഈനാട്, ഇന്നല്ലെങ്കിൽ നാളെ, കോമരം, പ്രേംനസീറിനെ കാൺമാനില്ല, മണിയറ, പാഞ്ചജന്യം, കാണാമറയത്ത്, വേട്ട [കൊമ്പ്), ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, അർച്ചന ആരാധന, മകൻ എൻ്റെ മകൻ, അങ്ങാടിക്കപ്പുറത്ത്, അമ്പട ഞാനേ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, കൊടുങ്ങല്ലൂർ ഭഗവതി, ആറ്റിനക്കരെ, തൂവൽ സ്പർശം, ആയുഷ്കാലം, നിന്നെയും തേടി, അപരൻമാർ നഗരത്തിൽ, ഷാർജ ടു ഷാർജ, കല്യാണരാമൻ, സ്നേഹിതൻ, കാക്കേ കാക്കേ കൂടെവിടെ, ക്രോണിക്ക് ബാച്ചിലർ, സദാനന്ദൻ്റെ സമയം, ശിങ്കാരി ബോലോനാ, ചതിക്കാത്ത ചന്തു, സാന്ദ്ര, 5 ഫിംഗർസ്, മോഹിതം, അടിയാളൻ തുടങ്ങി അറുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും പഴയതും, പുതിയതുമായ തലമുറയോടൊപ്പം 42 വർഷം അഭ്രപാളികളിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ബീന കുമ്പളങ്ങി.