അടൂർ : കുടുംബശ്രീ ജില്ലാമിഷന്‍ ജെന്‍ഡര്‍ വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ എ.ഡി.എസ് ജെന്‍ഡര്‍ പോയിന്റ് പേഴ്‌സന്‍മാര്‍ക്കുള്ള (ജി.പി.പി ) സംസ്ഥാനതല തിയേറ്റര്‍ പൈലറ്റ് പരിശീലനം ആരംഭിച്ചു. സംസ്ഥാനതലത്തില്‍ ആദ്യമായി പറക്കോട് ബ്ലോക്കിലാണ് പരിശീലനം ആരംഭിച്ചത്. അടൂര്‍ വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അടൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ബാബു നിര്‍വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില അധ്യക്ഷയായി. കുടുംബശ്രീ അംഗങ്ങളെ ലിംഗപദവി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പിന്തുണയ്ക്കുകയും സേവനങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ സഹായിക്കുകയുമാണ് ജീപിപിയുടെ പ്രധാന ചുമതല.ബോധവല്‍ക്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുക, ലിംഗ വിവേചനങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീകളെയും കുട്ടികളെ പ്രാപ്തരാക്കുക, സ്‌നേഹിത ജെന്‍ഡര്‍ ഡെസ്‌കിന്റെ സഹായത്തോടെ കൗണ്‍സലിങ് നല്‍കുക തുടങ്ങിയവയാണ് ചുമതല.