അടൂരില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍
പത്തനംതിട്ട: വെള്ളമിറങ്ങിയിട്ടും അടൂരുകാരുടെ അല്ലലൊഴിഞ്ഞിട്ടില്ല. അടൂര്‍ മരുതിമൂട്ടിലെ അടഞ്ഞ് കിടക്കുന്ന എസ്ബിഐ എടിഎം കൗണ്ടറാണ് നാട്ടുകാരെ വലയ്ക്കുന്നത.് നവംബര്‍ 15, 16 തീയതികളിലാണ്, മഹാപ്രളയകാലത്ത് പോലും വെള്ളപ്പൊക്കം ഉണ്ടാകാതിരുന്ന അടൂരിലെ ഏനാദിമംഗലം പഞ്ചായത്തില്‍ ഉള്‍പ്പെടെ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ഇതേതുടര്‍ന്ന് ടൗണില്‍ നിരവധി സ്ഥാപനങ്ങളില്‍ വെള്ളം കയറി വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായി. ചെറുകിട വ്യാപാരികളടക്കം കടം വാങ്ങിയാണ് സ്ഥാപനങ്ങള്‍ തുറന്നതും നാശനഷ്ടങ്ങള്‍ പരിഹരിച്ചതും. ദിവസങ്ങള്‍ക്കകം തന്നെ പല സ്ഥാപനങ്ങളും പൂര്‍വ്വസ്ഥിതിയിലായി പ്രവര്‍ത്തനം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ വെള്ളമിറങ്ങി ഒരു മാസം പിന്നിട്ടിട്ടും മരുതിമൂട് എസ്ബിഐ എടിഎം അടഞ്ഞ് തന്നെ കിടക്കുകയാണ്. എടിഎം കൗണ്ടറില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മെഷീന്‍ നശിച്ചിരുന്നു. ഇത് മാറ്റി പുനഃസ്ഥാപിക്കുകയോ പുതിയ മെഷീന്‍ എത്തിക്കുകയോ ചെയ്യാതെ അലംഭാവം തുടരുകയാണ് എസ്ബിഐ അധികൃതര്‍. എളമണ്ണൂര്‍ എസ്ബിഐ ബ്രാഞ്ചിന് കീഴില്‍ വരുന്ന കൗണ്ടറാണിത്. ബാങ്കില്‍ വിളിച്ചാല്‍ ഫോണ്‍ ബെല്ലടിച്ച് നില്‍ക്കും, നേരിട്ട് ചെന്ന് പരാതി അറിയിച്ചാല്‍ ഉടനെ ശരിയാക്കും എന്ന പതിവ് പല്ലവിയും. മലയോര മേഖലകളിലെ ജനങ്ങള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന എടിഎം ആണ് മരുതിമൂട്ടിലെ എസ്ബിഐ എടിഎം. ഇത് കഴിഞ്ഞാല്‍ കിലോമീറ്ററുകള്‍ക്കപ്പുറമാണ് മറ്റൊരു കൗണ്ടറുള്ളത്. നിരവധി ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളുമുള്ള പ്രദേശത്തെ എടിഎം ചത്തനില തുടരുന്നത്, സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാരെ ഉള്‍പ്പെടെ വെട്ടിലാക്കിയിരിക്കുകയാണ്. ബാങ്ക് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.