കാർഷികവൃത്തിക്ക് ആവശ്യം യന്ത്രവൽകൃതസേന : മന്ത്രി പി പ്രസാദ്

അടൂർ : കേരളത്തിൽ കാർഷികവൃത്തിയിൽ കാണപ്പെടുന്ന മിക്ക പ്രശ്നങ്ങൾക്കും പരിഹാര മാർഗം യന്ത്രവൽകൃത സേനയെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
കേരള കാർഷികവികസന കർഷക ക്ഷേമ വകുപ്പ് പറക്കോട് ബ്ലോക്ക്/അടൂർ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച കൃഷിശ്രീ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെൻ്റർ ആണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്നത്.

Advertisements

കാർഷിക ഇടങ്ങളിൽ കാണുന്ന ചെല്ലി പോലെയുള്ള ജീവികളുടെ ശല്യം, കൃഷിക്ക് ആവശ്യമായ ജോലി ചെയ്യാൻ ആളെ കിട്ടതാകുക തുടങ്ങി കാർഷികവൃത്തിക്ക് തടസമാകുന്ന പ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാർഗമായി, യന്ത്രവൽകൃത സേനയായി കർഷക തൊഴിലാളികൾ മാറണം. യന്ത്രസഹായത്തോടെയുള്ള ജോലികൾ കർഷകനും തൊഴിലാളിക്കും ഒരേ പോലെ ലാഭം നേടാൻ സഹായിക്കും. യന്ത്രങ്ങളുടെ സഹായത്തോടെയുള്ള തൊഴിൽ സേന ഉണ്ടെങ്കിൽ മാത്രമേ കൃഷിചെയ്യാൻ ആളുകളെ കിട്ടുന്നില്ല എന്ന പരാതി പരിഹരിക്കാനും കർഷകർക്ക് കൂടുതൽ പണം മുടക്കാതെ തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം കിട്ടുന്നതിനും സഹായകരമാകുകയുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മേഖലയിൽ തൊഴിൽ ചെയ്യാൻ പരിശീലനം സിദ്ധിച്ച ഒരു തൊഴിൽ സേന വളരെ അത്യാവശ്യമാണ്. പരിശീലനം ലഭിച്ച തൊഴിലാളികൾക്ക് യന്ത്രങ്ങളും ലഭ്യമാകണം. കൃഷിശ്രീ എന്നത്കൊണ്ട് ഉദ്ദേശിക്കുന്ന പ്രധാന കാര്യമിതാണെന്നും മന്ത്രി പറഞ്ഞു. സംഭരിക്കുന്ന ഓരോ മേഖലയിൽ നിന്നും കാർഷിക വിളകളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി ഓരോ ഇടങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞാൽ ഫലപ്രദമാകും. ഒരു പഞ്ചായത്തിന് കീഴിൽ മാത്രമല്ല, സമീപ പഞ്ചായത്തുകളിലെ കാർഷിക പണികളിലേക്കു മുള്ള ഒരു സേനയെ വാർത്തെടുക്കാൻ കഴിഞ്ഞാൽ നിരവധി കുടുംബങ്ങൾക്ക് ഒരു വരുമാന മാർഗമായി കൂടി മാറാൻ കഴിയുമെന്നും കൃഷി മന്ത്രി പറഞ്ഞു.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 22000 ന് മുകളിൽ കൃഷികൂട്ടങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മേയ് 16 നു മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് കൃഷി കൂട്ടങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖല വളർച്ചയുടെ പാതയിലാണ്. 2020-21 ൽ .24% ആണ് കാർഷിക മേഖല വളർന്നത്. ജനകീയ പങ്കാളിത്തവും കൃഷികൂട്ടങ്ങളുടെ വരവും 4.64% ആയി കേരളത്തിൻ്റെ കാർഷിക മേഖലയിൽ പുരോഗതി ഉണ്ടാക്കാൻ സാധിച്ചു. കേരള കൃഷി വകുപ്പിൻ്റെ ഫാമുകളിൽ ഉത്പാദിപ്പിച്ച 131 ഉത്പന്നങ്ങൾ ഓൺലൈൻ മാർക്കറ്റിൽ വിൽപന നടത്തുന്നതായും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. ആദ്യം പന്തളം ബ്ലോക്കിനാണ് കൃഷിശ്രീ അനുവദിച്ചത്. സേവനം കൂടുതൽ പേരിലേക്ക് ലഭ്യമാക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പിന്നീട് പറക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഈ പദ്ധതി വരാൻ ഇടയായത്. പറക്കോട് ബ്ലോക്കിന് കീഴിലെ അടൂർ മുനിസിപ്പാലിറ്റി, കടമ്പനാട് , ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം, പള്ളിക്കൽ, കൊടുമൺ ഗ്രാമപഞ്ചായത്തുകൾക്ക് മാത്രമല്ല കോന്നി മണ്ഡലത്തിലെ പറക്കോട് ബ്ലോക്ക് അതിർത്തി പങ്കിടുന്ന പഞ്ചയത്തുകൾക്കും കൃഷിശ്രീ സെൻ്ററിൻ്റെ സേവനം ലഭ്യമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

ഏറ്റവും ഫലപ്രദമായി ഈ സേവനങ്ങൾ വിനിയോഗിക്കുകയാണ് ചെയ്യേണ്ടത്. അടൂർ മണ്ഡലത്തിൽ കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും.
അതത് പഞ്ചായത്തുകൾ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ തനത് ബ്രാൻഡുകളിൽ വിപണിയിൽ എത്തിക്കണം. ഇത്തരത്തിൽ മണ്ഡലത്തിൽ നിലവിൽ രണ്ട് പഞ്ചായത്തുകൾ ആണ് ഉള്ളത് – കൊടുമണ്ണും, പന്തളം തെക്കേക്കരയും. എല്ലാ പഞ്ചായത്തുകളും ഇത്തരത്തിൽ കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് അതത് പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമായ വിധത്തിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാക്കി എടുക്കണം.

കേരളത്തിൻ്റെ കാർഷിക മേഖല പരിശോധിച്ചാൽ വി.വി. രാഘവൻ മുതൽ പി. പ്രസാദ് വരെയുള്ളവർ
കാർഷിക മേഖലയെ കൂടുതൽ സമ്പുഷ്ടമാക്കുന്നതിനും സമ്പന്നമാക്കുന്നതിനു മുള്ള ചുവടുവെപ്പുകൾ ആണ് എടുത്തിട്ടുള്ളത്..
കാർഷിക സംസ്കൃതിയെ കൂടുതൽ വിപുലീകരിക്കാൻ മണ്ഡലത്തിലെ മുഴുവൻ കൃഷി ഓഫീസർമാരെയും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർക്കൊപ്പം യോഗം ചേരും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിന്റെ സാധ്യതകളും ഭൂപ്രകൃതിയും ഭൂവിസ്തൃതിയും അനുസരിച്ച് 2023 -24 സാമ്പത്തിക വർഷം കാർഷിക മുന്നേറ്റം കൈവരിക്കാൻ പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും ഡെപ്യുട്ടി സ്പീക്കർ പറഞ്ഞു. ചടങ്ങിൽ ട്രാക്ടറിൻ്റെ താക്കോൽദാനവും,കൃഷിശ്രീ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള, അടൂർ നഗസഭാ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയങ്ക പ്രതാപ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മകുറുപ്പ്, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ.ശ്രീധരൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷിബു, കടമ്പനാട് കൃഷി ഓഫീസർ സബ്‌ന സൈനുദ്ദീൻ, കൃഷി. അസി.ഡയറക്ടർ റോഷൻ ജോർജ്ജ്, അഡ്വ.എസ് മനോജ്, അരുൺ കെ എസ് മണ്ണടി, ജി മോഹനചന്ദ്രകുറുപ്പ്, കെ സാജൻ, വൈ. രാജൻ, രാജൻ സുലൈമാൻ, സിഡിഎസ് അംഗങ്ങൾ, എഡിഎസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.