കേന്ദ്രത്തിന്റെ കേരള വിരുദ്ധമനോഭാവം ശ്വാസം മുട്ടിക്കുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവല്ല : കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കും വിധം കേന്ദ്രം സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയവും കേരള വിരുദ്ധ മനോഭാവവും ശ്വാസം മുട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ആദ്യ നവകേരള സദസ്സായ തിരുവല്ല നിയോജക മണ്ഡലത്തിലെ എസ് സി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നം സാധാരണമല്ല. കേരളത്തിന്റെ സ്ഥിതി അനുസരിച്ച് ഒരു സാമ്പത്തിക പ്രശ്‌നവും ഉണ്ടാകേണ്ടതല്ല. 2016 മായി താരതമ്യം ചെയ്യുമ്പോള്‍ 2021 ല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച എട്ടു ശതമാനം വര്‍ധിച്ചു. കേരളത്തിന്റെ തനത് വരുമാനം 41 ശതമാനം വര്‍ധിച്ചു. നാടിന്റെ ആകെ ആഭ്യന്തര ഉത്പാദനം 2016 ല്‍ 5,60,000 കോടി രൂപയായിരുന്നത് 10,17,000 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ആളോഹരി വരുമാനം 1,48,000 രൂപ ആയിരുന്നത് 2,28,000 രൂപയായി വര്‍ധിച്ചു. എന്നാല്‍ ഈ വരുമാനം കൊണ്ടു മാത്രം സംസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല. കേന്ദ്ര വിഹിതവും കടമെടുപ്പിലൂടെ ലഭിക്കുന്ന വരുമാനവും ആവശ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളം കാര്യക്ഷമമായ സാമ്പത്തിക പ്രവര്‍ത്തനം നടത്തിയിയിട്ടും കേന്ദ്രം ഞെരുക്കുന്നു. നികുതി വിഹിതം, റവന്യൂ കമ്മി ഗ്രാന്റ് എന്നിവയില്‍ വലിയ കുറവ് വരുത്തി. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളില്‍ കേന്ദ്രത്തിന്റെ വിഹിതം കുടിശിക വരുത്തുന്നു. നിലവില്‍ 5632 കോടി രൂപ ഇങ്ങനെ കുടിശികയുണ്ട്. പണം കടമെടുക്കുകയെന്നത് ഒരു സംസ്ഥാനത്തിന്റെ ഭരണപരമായ അവകാശമാണ്. ഈ കാര്യത്തില്‍ ഭരണഘടനാവിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നു. ഈ നിലപാടിനെ പൂര്‍ണമായും പിന്തുണക്കുന്ന സമീപനമാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത്.

കേന്ദ്രത്തിന് മുന്നില്‍ കേരളത്തിന്റെ ആകുലതകളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനുള്ള നിവേദനത്തില്‍ ഒപ്പുവയ്ക്കണമെങ്കില്‍ സംസ്ഥാനം സാമ്പത്തിക നയത്തില്‍ കാണിച്ചത് വലിയ കെടുകാര്യസ്ഥതയാണെന്ന് സമ്മതിക്കണമെന്നുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോഴും അതിനെതിരേ ശബ്ദമുയര്‍ത്താന്‍ നമ്മള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയച്ച പ്രതിനിധികള്‍ക്കായില്ല.
ഇടതുപക്ഷത്തു നിന്നുള്ള എംപി മാര്‍ കുറഞ്ഞപ്പോള്‍ കേരളത്തിന്റെ തനതായ ശബ്ദവും ഇല്ലാതായി. ഇടതുപക്ഷ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടക്കരുത് എന്ന അജണ്ടയാണ് കോണ്‍ഗ്രസിനുള്ളത്.

സംസ്ഥാനം വികസന മുരടിപ്പ് നേരിടുന്ന സമയത്താണ് 2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ നടത്തുന്നത്. 82000 കോടി രൂപയുടെ പദ്ധതികള്‍ ഇതിലൂടെ ഏറ്റെടുക്കാന്‍ കഴിഞ്ഞു. ദേശീയപാത, മലയോര ഹൈവേ, ജലപാത, ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം. തുടങ്ങി നിരവധി മേഖലയില്‍ നമുക്ക് മുന്നേറാനായി. ഈ വികസന മുന്നേറ്റങ്ങളെല്ലാം സമ്മതിച്ചുതരാത്ത നയമാണ് കേന്ദ്രവും പ്രതിപക്ഷവും സ്വീകരിക്കുന്നത്.

കാലാനുസൃതമായ പുരോഗതി നമുക്ക് ആവശ്യമുണ്ട്. അതിനുള്ള ആശയ രൂപീകരണമാണ് നവകേരള സദസ്സിലൂടെ ലക്ഷ്യംവയ്ക്കുന്നത്. രാഷ്ട്രീയഭേദമന്യേ ഏവരും ഇതിനെ സ്വീകരിക്കുമെന്നാണ് കരുതിയത്. നവകേരളദസ് ആര്‍ക്കും എതിരായുളള പരിപാടിയല്ല. പക്ഷേ പ്രതിപക്ഷം തെറ്റായ മനോഭാവത്തോടെ ബഹിഷ്‌കരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. വിവിധ രീതിയിലുള്ള അധിക്ഷേപങ്ങള്‍ സദസ്സിനെതിരെ ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ പ്രതിഷേധം എന്തിനോടാണെന്നത് വ്യക്തമാകുന്നില്ല. കുറച്ച് കാലങ്ങളായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന എല്ലാ പരിപാടികളെയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷം കൈക്കൊള്ളുന്നത്. പക്ഷേ ഈ വസ്തുതകളെല്ലാം ജനം മനസിലാക്കി കഴിഞ്ഞു. അന്തിമമായ വിധി ജനങ്ങളാണ് നല്‍കുന്നത്. നവകേരള സദസ്സ് വേദികളില്‍ ജനം ഒറ്റക്കെട്ടായി എത്തിച്ചേരുന്നതിലൂടെ നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോളൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് സര്‍ക്കാരിന് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല നിയോജകമണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. മാത്യു ടി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, കൃഷി മന്ത്രി പി പ്രസാദ് എന്നിവര്‍ സംസാരിച്ചു. നവകേരള സദസ്സിന്റെ ജില്ലാതല സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ ഷിബു, തിരുവല്ല നിയോജകമണ്ഡലം കണ്‍വീനറും സബ്-കളക്ടറുമായ സഫ്‌ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.