കോഴഞ്ചേരി : ആറന്മുള ജലോത്സവം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല നമ്മുടെ നാടിന്റെ തന്നെ ഉത്സവമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 42 പള്ളിയോടങ്ങള്‍ക്ക് നല്കുന്ന പതിനായിരം രൂപ മെയിന്റനന്‍സ് ഗ്രാന്റിന്റെ സാക്ഷ്യപത്രം കൈമാറികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാജാതി മതസ്ഥരും ആഘോഷിക്കുന്ന, നാടിന്റെ മഹത്തായ സംസ്കാരത്തിന്റെ പ്രതീകമാണ് വള്ളംകളി. അത്തരത്തിലുള്ള വിശാലമായ കാഴ്ചപ്പാടാണ് ഇതിന്റെ നടത്തിപ്പില്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയോടങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി നിലവിലുള്ള മണ്‍പുറ്റുകള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ടൂറിസം വകുപ്പില്‍ നിന്ന് അനുവദിക്കുന്ന ഗ്രാന്റിന് വര്‍ധനവ് ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ആര്. അജയകുമാര്‍, അംഗങ്ങളായ സാറാ തോമസ്, ജോര്‍ജ് എബ്രഹാം, മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്, സെക്രട്ടറി പാര്‍ത്ഥസാരഥി ആര് പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെന്പാല, ഭാരവാഹികള്‍, പള്ളിയോട സമിതി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.