പത്തനംതിട്ട : ജില്ലയിലെ പട്ടികവര്‍ഗസങ്കേതങ്ങളില്‍ ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാകളക്ടര്‍ എ ഷിബു പറഞ്ഞു. കോട്ടാമ്പാറ, കാട്ടാത്തി എന്നീ പട്ടികവര്‍ഗസങ്കേതങ്ങളില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കേതങ്ങളിലെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കുടിവെള്ളം, വാഹനസൗകര്യം, ആംബുലന്‍സ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ കോളനികളില്‍ ഉറപ്പാക്കും. ഇവരില്‍ പലരും സ്വന്തം സ്ഥലം വിട്ട് വരാന്‍ തയ്യാറാകാത്ത സാഹചര്യമുള്ളതിനാല്‍ അതത് പ്രദേശത്ത് തന്നെ പരമാവധി സൗകര്യം ഒരുക്കുമെന്നും എല്ലാവിധത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കൊക്കാത്തോട് ഒരേക്കര്‍ എന്ന സ്ഥലത്ത് ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ വീടുകള്‍, കലുങ്ക്, അച്ചന്‍കോവില്‍ പാത എന്നീ സ്ഥലങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. പാറചരുവില്‍ അജികുമാര്‍, തൊണ്ടന്‍വേലില്‍ അനില്‍കുമാര്‍ എന്നിവരുടെ വീടുകളാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്.
പട്ടികവര്‍ഗവികസന ഓഫീസര്‍ എസ് സുധീര്‍, പട്ടികവര്‍ഗഎക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിസാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശരത്ചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, കാട്ടാത്തി വാര്‍ഡ് അംഗം വി. കെ രഘു, ഊരുമൂപ്പന്‍ മോഹന്‍ദാസ്, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.