സർക്കാർ ആശുപത്രികളിൽ പ്രസവിക്കാം; പണച്ചിലവില്ലാതെ : ഡിഎംഒ ഡോ. എൽ അനിതകുമാരി

പത്തനംതിട്ട : ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങൾ പൂർണമായും പണച്ചിലവില്ലാതെയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ. അനിതകുമാരി അറിയിച്ചു.
ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതി മുഖേനയാണ് ഇത് സാധ്യമാകുന്നത്. ഈ പദ്ധതിയിൽ അംഗമായ സർക്കാർ ആശുപത്രികളിൽ പ്രസവത്തിനായി എത്തുന്നവർക്ക് സാധാരണ പ്രസവം ആയാലും ഓപ്പറേഷൻ ആയാലും ആശുപത്രി ചെലവ്, മരുന്നുകൾ, പരിശോധനാ ചെലവ് എന്നിവയെല്ലാം പൂർണ സൗജന്യം. ആശുപത്രിയിൽ ഇല്ലാത്ത പരിശോധനയും മരുന്നുകളും പുറമേ നിന്ന് സൗജന്യമായി ലഭ്യമാക്കും. ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യത്തിൽ ആംബുലൻസ് സൗജന്യമായി ലഭ്യമാക്കും.

Advertisements

പ്രസവശേഷം ഒരു മാസം വരെ അമ്മയ്ക്കും ഒരു വയസു വരെ കുട്ടിക്കും സൗജന്യ ചികിത്സയും ഈ പദ്ധതിപ്രകാരം ലഭ്യമാണ്.
പ്രസവശേഷം നഗര പ്രദേശത്തുള്ളവർക്ക് 600 രൂപയും ഗ്രാമപ്രദേശത്തുള്ളവർക്ക് 700 രൂപയും ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം ആശുപത്രിയിൽ നിന്ന് അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
പട്ടിക വർഗ വിഭാഗക്കാർക്ക് പ്രസവത്തിനെത്തിയവർക്ക് 150 രൂപയും ഒരു കൂട്ടിരിപ്പു സഹായിക്ക് 200 രൂപയും പ്രകാരം ദിവസേന 350 രൂപ പട്ടിക വർഗ വകുപ്പ് ഫണ്ടിൽ നിന്ന് പ്രസവം നടക്കുന്ന ആശുപത്രി നൽകും. പട്ടിക വർഗ ഗർഭിണിക്ക് പ്രസവത്തിനായി ആശുപത്രിയിൽ എത്താനായി സൗജന്യ ആംബുലൻസ് സേവനവും ലഭ്യമാണന്ന് ഡിഎംഒ പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറൽ ആശുപത്രി പത്തനംതിട്ട, ജനറൽ ആശുപത്രി അടൂർ, താലൂക്ക് ആശുപത്രി തിരുവല്ല, താലൂക്ക് ആശൂപത്രി റാന്നി എന്നിവിടങ്ങളിൽ ഈ രണ്ട് പദ്ധതി പ്രകാരമുള്ള സേവനങ്ങൾ ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Hot Topics

Related Articles