പത്തനംതിട്ട : മുൻവിരോധത്താൽ ഇരുമ്പ് വടി കൊണ്ട് സഹോദരങ്ങളെ മർദ്ദിച്ച സംഭവത്തിലെ പ്രതിയെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. കുന്നന്താനം പാലയ്ക്കാത്തകിടി വള്ളോക്കുന്നു വീട്ടിൽ ചാക്കോ ഔസെപ്പിന്റെ മകൻ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ചാക്കോ ജോസഫ് (53) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് പാലയ്ക്കാത്തകിടിയിലാണ് സംഭവം. പാലക്കാട് കയറാടി വയലിങ്കൽ വീട്ടിൽ നിന്നും കുന്നന്താനം പാലയ്ക്കാത്തകിടി പാറങ്കൽ ഈട്ടിക്കൽ ഹരിശ്രീ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ അജിത് (28) അനുജൻ അഭിജിത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ, വാർഡ് മെമ്പറോട് പറഞ്ഞ് ബൾബ് ഇടീച്ചതിലുള്ള വിരോധം കാരണമാണ് ആക്രമണം.
വീടിന് മുൻവശം റോഡിൽ, അഭിജിത്തും കൂട്ടുകാരുമായി പ്രതി സംസാരിച്ചു നിൽക്കുന്നത് കണ്ട് വിവരം തിരക്കിയപ്പോൾ, അസഭ്യം വിളിച്ചുകൊണ്ടു കയ്യിലിരുന്ന ഇരുമ്പ് സ്ക്വയർ ട്യൂബ് കൊണ്ട് അജിത്തിന്റെ ഇടതു കാലിൽ മുട്ടിനു താഴെ അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. മർദ്ദനത്തിൽ അസ്ഥിക്ക് പൊട്ടലുണ്ടായി.തടസ്സം പിടിച്ച അഭിജിത്തിന്റെ വയറിൽ കുത്തുകയും കൈകൊണ്ട് നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ 8 മണിക്ക് വീട്ടിലെത്തി ഭീഷണി മുഴക്കുകയുമുണ്ടായി. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അജിത്തിന്റെ മൊഴി, കീഴ്‌വായ്‌പ്പൂർ എ എസ് ഐ ഉണ്ണികൃഷ്ണൻ രേഖപ്പെടുത്തിയശേഷം കേസ് എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തുനിന്നും ആയുധം കണ്ടെടുത്തു. ശനിയാഴ്ച വീടിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു, വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രാത്രി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.