തിരുവല്ല : ഓതറയ്ക്കും ആറാട്ടുപുഴയ്ക്കും കുമ്പനാട്ടു നിന്നുള്ള റോഡുകള്‍ ആധുനികമായി പുതുക്കി നിര്‍മ്മിച്ചെങ്കിലും ബസ് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ പ്രദേശവാസികള്‍ക്കു പ്രയോജനപ്പെടുന്നില്ല. നെല്ലിമല, കൊച്ചാലുമൂട്, പഴയകാവ്, കരീലമുക്ക്, മീനാറുംകുന്ന്, കടപ്ര, ചെമ്പകശേരിപടി തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ് പൊതുഗതാഗതം ഇല്ലാത്തതു മൂലം ബുദ്ധിമുട്ടുന്നത്. ഓതറയില്നിന്ന് ആറു കിലോമീറ്ററും ആറാട്ടുപുഴയില്‍ നിന്ന് അഞ്ച് കിലോമീറ്ററുമാണ് കുമ്പനാട്ടേക്കുള്ള ദൂരം. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും അടക്കം നൂറുകണക്കിനാളുകളാണ് ദിവസവും പല ആവശ്യങ്ങള്‍ക്ക് കുമ്പനാട്ട് എത്തി തിരുവല്ലയ്ക്കും പത്തനംതിട്ടയ്ക്കും പോകുന്നത്.
കുമ്പനാട്, ആറാട്ടുപുഴ, ഓതറ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയെങ്കില്‍ മാത്രമേ ഈ ഭാഗത്തുള്ളവര്‍ക്ക് ബസ് ലഭിക്കുകയുള്ളൂ. മുമ്പ് സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഓടിയിരുന്ന റൂട്ടാണിത്. ബസ് സൗകര്യം ഇല്ലാത്തത് മൂലം കുമ്പനാട്ടെ വ്യാപാര സ്ഥാപനങ്ങളുടെ വിപണനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ചെങ്ങന്നൂരില്‍നിന്ന് ഓതറ, കൊച്ചാലുംമൂട്, കുമ്പനാട് വഴി പത്തനംതിട്ടയ്ക്കും ഓതറ, കൊച്ചാലുംമൂട്, ഇരവിപേരൂര്‍ വഴി തിരുവല്ലയ്ക്കും ആറാട്ടുപുഴ, കരീലമുക്ക്, കുമ്പനാട് വഴി മല്ലപ്പള്ളിക്കും ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നാട്ടുകാർ നിവേദനം നല്കി.