പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന് മേയ് രണ്ടിന് രാവിലെ 10ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. കോഴഞ്ചേരി താലൂക്കിന്റെ അദാലത്താണ് ഇവിടെ നടക്കുക. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം കാണും.
ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊളളും.
അദാലത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് രജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ എസ്എംഎസായി അറിയിപ്പ് നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കുന്നവര്‍ അദാലത്തില്‍ എത്തണം. നാലിന് മല്ലപ്പള്ളി, ആറിന് അടൂര്‍, എട്ടിന് റാന്നി, ഒന്‍പതിന് തിരുവല്ല, 11ന് കോന്നി താലൂക്കുകളിലായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല്ലപ്പള്ളി സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മല്ലപ്പള്ളി താലൂക്കിന്റെയും അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഹയര്‍ സെക്കഡറി സ്കൂളില്‍ അടൂര്‍ താലൂക്കിന്റെയും പഴവങ്ങാടി വൈഎംസിഎ ഹാളില്‍ റാന്നി താലൂക്കിന്റെയും തിരുവല്ല എസ്.സി.എസ് ജംഗ്ഷനിലെ അലക്സാണ്ടര്‍ മാര്‍ത്തോമ ഹാളില്‍ തിരുവല്ല താലൂക്കിന്റെയും കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ കോന്നി താലൂക്കിന്റെയും അദാലത്ത് നടക്കും. പൊതു ജനങ്ങളില്‍ നിന്നു താലൂക്കുതല അദാലത്തിലേക്ക് 1911 പരാതികള്‍ ലഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്.
അടൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് -514 പരാതികള്‍. കോഴഞ്ചേരി 375, കോന്നി 328, റാന്നി 252, തിരുവല്ല 260, മല്ലപ്പള്ളി 182 എന്നതാണ് പരാതികളുടെ മറ്റു താലൂക്കുകളിലെ നില.