പത്തനംതിട്ട : കോഴഞ്ചേരിയിൽ വച്ച് ദേഹോപദ്രവം ഏല്പിച്ചതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയ കാരണത്താൽ യുവാവിനെ വീണ്ടും മർദ്ദിച്ച സംഘത്തിലെ രണ്ടുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് തോട്ടമുക്ക് അജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന അലൻ ജോണി(19)നാണ് 15 ഓളം വരുന്ന സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. 16 ന് രാത്രി 11.30 നാണ് സംഭവം. ഒന്നാം പ്രതി കീഴുകര കയ്യാലക്കകത്ത് വീട്ടിൽ മായക്കണ്ണ് എന്ന് വിളിക്കുന്ന ജിഷ്ണു ജെ (26), മൂന്നാം പ്രതി പാലക്കാട് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പാങ്ങൽ വീട്ടിൽ രഞ്ജു ദാസ് (21) എന്നിവരാണ് പിടിയിലായത്.
കമ്പിവടി, വെട്ടുകത്തി മുതലായ മാരകയുധങ്ങളുമായാണ് പ്രതികൾ അതിക്രമിച്ചകയറി മർദ്ദിച്ചതും ആക്രമണം നടത്തിയതും. വെട്ടുകത്തി കൊണ്ട് അലന്റെ കഴുത്തിൽ കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ തടസ്സം പിടിച്ച അമ്മയെ അസഭ്യം വിളിക്കുകയും ചെയ്ത സംഘം, ഹാളിൽ കിടന്ന ഫർണിച്ചറും മറ്റും നശിപ്പിക്കുകയും ചെയ്തു. ഇസ്തിരിപ്പെട്ടി, മൊബൈൽ ഫോൺ, ജനൽ ഗ്ലാസ്സുകൾ, കർട്ടനുകൾ എന്നിവയും നശിപ്പിച്ചു. അലന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ്, അന്വേഷണത്തിൽ സംഭവസ്ഥലത്തുനിന്നും വെട്ടുകത്തി കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച 4 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളിൽ രണ്ടുപേരെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. കൂടുതൽ തെളിവുകൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കോയിപ്രം എസ് ഐ അനൂപ്, എ എസ് ഐ സുധീഷ്, സി പി ഒ നെബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.