വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടന്ന പരാതികള്‍ക്ക്
പരിഹാരമായി: മന്ത്രി വീണാ ജോര്‍ജ്

കോഴഞ്ചേരി : വര്‍ഷങ്ങളായി പരിഹരിക്കാനാവാതെ കിടന്ന പല പരാതികള്‍ക്കും കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തിലൂടെ തീര്‍പ്പാക്കാനായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആറു താലൂക്കുകളിലെയും അദാലത്തുകള്‍ പൂര്‍ത്തിയാക്കി 15 ദിവസത്തിനു ശേഷം തുടര്‍നടപടിയുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലയില്‍ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Advertisements

കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ പരിഗണിച്ച 265 പരാതികളില്‍ 65 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കി. 120 പരാതികള്‍ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച അദാലത്തിന് എത്തിയത് 185 പേരാണ്. ഇതില്‍ പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന 265 പരാതികളില്‍ ഉള്‍പ്പെട്ട 154 പേരും പുതിയതായി എത്തിയ 31 പേരും ഉള്‍പ്പെടുന്നു. പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. 133 എണ്ണം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് 82 പരാതികള്‍ ലഭിച്ചു. 11 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles