ഇരവിപേരൂർ: പുല്ലാട്ട് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ് സംബന്ധിച്ച തര്‍ക്കത്തിനിടെ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ നടുറോഡില്‍ തള്ളി വീഴ്ത്തിയ കോയിപ്രം എസ്ഐ ഗ്ലാഡ്വിന് എഡ്വേര്‍ഡിനെ സ്ഥലം മാറ്റി. കൊടുമണ്‍ സ്റ്റേഷനിലേക്കാണ് മാറ്റം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. എസ്ഐക്കെതിരേ നടപടി സ്വീകരിക്കണമെന്നു സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ 11ന് വൈകുന്നേരം 6.30ഓടെ പുല്ലാട് ജംഗ്ഷനിലാണ് എസ്ഐയും സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗം എ കെ സന്തോഷ്കുമാറുമായി വാക്കേറ്റം ഉണ്ടായത്.
പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനു സമാപനം കുറിച്ചുള്ള എഴുന്നള്ളത്ത് പുല്ലാട് ജംഗ്ഷല്‍ എത്തിയപ്പോള്‍ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡില്‍ ഒരു വരിയാക്കണമെന്ന് എസ്ഐ നിര്‍ദേശിച്ചു. ക്ഷേത്രഭാരവാഹികള്‍ ഇതിനെ എതിര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗീകരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകാന്‍ പോലീസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതാണ് എസ്ഐയെ പ്രകോപിപ്പിച്ചത്. ഇവര്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ എസ്ഐ സന്തോഷ് കുമാറിനെ നെഞ്ചില്‍ പിടിച്ച് തള്ളി നീക്കാന്‍ ശ്രമിച്ചു. സന്തോഷ് റോഡിലേക്ക് വീഴുകയുമുണ്ടായി. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, പിലിപ്പോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയിരുന്നു.
സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ നടുറോഡില്‍ തള്ളി വീഴ്ത്തിയ സംഭവം : കോയിപ്രം എസ്ഐ യ്ക്കു സ്ഥലം മാറ്റം
Advertisements