തിരുവല്ല : മാരകായുധങ്ങളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തമ്മിൽ തല്ലിയ സംഭവത്തിൽ കാപ്പാക്കേസ് പ്രതി അടക്കം അഞ്ചുപേർ തിരുവല്ല പോലീസിന്റെ പിടിയിലായി. സംഘാംഗങ്ങളുടെ പക്കൽ നിന്നും വടിവാളും കഠാരയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ കവിയൂർ പുന്നിലം ജംഗ്ഷന് സമീപം ആയിരുന്നു സംഭവം.
ആഞ്ഞിലിത്താനം വെള്ളാപ്പള്ളിയിൽ വീട്ടിൽ അനീഷ് കെ എബ്രഹാം ( 29 ), നെല്ലിക്കുന്നിൽ വീട്ടിൽ അജയകുമാർ ( 28 ), ആഞ്ഞിലിത്താനം മുല്ലപ്പള്ളിയിൽ വീട്ടിൽ അനിൽകുമാർ ( 26 ), പള്ളിക്കകച്ചിറ അമ്പാട്ട് വീട്ടിൽ സുമിത്ത് (28), കവിയൂർ തൂമ്പുങ്കൽ കോളനിയിൽ വിഷ്ണു നിവാസിൽ ജിഷ്ണു ( 28 ) എന്നിവരാണ് പിടിയിലായത് .
വിവിധ വാഹനങ്ങളിലായി എത്തിയ സംഘാംഗങ്ങൾ വാക്കേറ്റത്തിനൊടുവിൽ തമ്മിലടിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട നാട്ടുകാർക്ക് നേരെ സംഘം വടിവാൾ വീശി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി സംഘാഗങ്ങളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കേസിൽ പിടിയിലായ അനീഷ് കെ എബ്രഹാം മൂന്നുമാസം മുമ്പാണ് കാപ്പാ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് നാല് പ്രതികൾ അടിപിടി അടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന് സിഐ ബി. കെ സുനിൽ കൃഷ്ണൻ പറഞ്ഞു. തിരുവല്ല കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.