പത്തനംതിട്ട: യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മാവനും മകനും കസ്റ്റഡിയിൽ. കോഴഞ്ചേരി കുഴിക്കാലയിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ മൃതദേഹം കാലും കൈയും കെട്ടിയ നിലയിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് ആദ്യം കരുതിയ കേസില്‍ പിന്നീട് ഉണ്ടായ വഴിത്തിരിവിലാണ് യുവാവിന്റെ ബന്ധുക്കളായ രണ്ട് പേരെ ആറന്മുള പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അക്രമാസക്തനായ യുവാവിനെ കീഴടക്കിയ ശേഷം കൈയും കാലും കെട്ടി ഇവര്‍ കിണറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് സൂചന.
ആറന്മുള പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ കുഴിക്കാല സിഎംഎസ് സ്കൂളിന് സമീപം ചുട്ടുമണ്ണുമോടിയില്‍ റെനില്‍ ഡേവിഡ് (45) ആണ് മരിച്ചത്. അനിയന്റെ വീട്ടിലാണ് റെനില്‍ താമസിച്ചിരുന്നത്. ഈ വീടിന്റെ മുറ്റത്തെ കിണറ്റിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടത്. മാനസികാസ്വാസ്ഥ്യമുള്ള ആളായതിനാല്‍ ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിണറ്റില്‍ മൃതദേഹം കിടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ആറന്മുള പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തപ്പോഴാണ് കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നത്. കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ വരെ ഓതറയിലെ സംരക്ഷണ കേന്ദ്രത്തിലായിരുന്നു റെനിൽ.
മറ്റു ജോലികള്‍ക്കൊന്നും പോകാത്ത റെനില്‍ ഇന്നലെ രാവിലെ ബന്ധു വീട്ടിലെത്തി അവിടെയുള്ള പഴയ ഒരു ഫ്രിഡ്ജ് എടുത്തു കൊണ്ടു പോകാന്‍ നോക്കി. അമ്മാവനായ മാത്യു തോമസ് ഇതു തടഞ്ഞപ്പോള്‍ റെനില്‍ ആക്രമിക്കാനായി കത്തിയെടുത്തു. ഇതേ തുടർന്ന് തർക്കം ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർന്നാണ് കൈകാലുകള്‍ ബന്ധിച്ച നിലയിൽ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
റെനിലിന്റെ മാതൃസഹോദരന്‍ മാത്യു തോമസ് (70), മകന് റോബിന് (37) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. റെനിലിനെ കിണറ്റില്‍ തള്ളിയപ്പോള്‍ തല ഇടിച്ചാകും മുറിവുണ്ടായതെന്ന് കരുതുന്നു. കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്ത് വരുകയാണെന്നും കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു.