പത്തനംതിട്ട :
കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണെന്നും ശാസ്ത്രീയമായ ഇടപെടലിലൂടെ ഡാം മാനേജ്മന്റ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയാറാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ദുരന്ത നിവാരണവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകനയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു കളക്ടര്‍.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ അളവ് കുറവാണ്. പക്ഷെ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് നിലവില്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. കക്കി, ആനത്തോട് ഡാം മേഖലയിലെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കക്കി ഡാമിന് അടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് അപകട സാധ്യതയുള്ളതിനാല്‍ സംരക്ഷണ വേലി കെട്ടുന്ന പ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂഴിയാര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കണമെന്നും ആ മേഖലയിലെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവരിലേക്കും മുന്നറിയിപ്പുകള്‍ എത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ഡാം സേഫ്റ്റി മുഖാന്തിരം ഈ വര്‍ഷം 17000 ഘനമീറ്റര്‍ ഡെബ്രി നീക്കം ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ നദികളിലെ അണക്കെട്ട് പ്രദേശങ്ങളില്‍ ഡിസില്‍റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു.
കളക്ടറുടെ നിര്‍ദേശപ്രകാരം ദുരന്ത നിവാരണ വകുപ്പിന്റെ പ്രത്യേക സംഘം ജില്ലയിലെ എല്ലാ ഡാമുകളും സന്ദര്‍ശിച്ച് സാങ്കേതിക പരിശോധന നടത്തി, അവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡാമുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മെക്കാനിക്കല്‍ തകരാറുകളും, ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് പവര്‍ ജനറേഷന്‍ കൂട്ടുന്നതുമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് സംഘം സന്ദര്‍ശനം നടത്തിയത്. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ദുരന്തനിവാരണ വകുപ്പ്, ഡാം സേഫ്റ്റി, കെ.എസ്.ഇ.ബി, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.