അടൂർ : വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അടൂർ പെരിങ്ങനാട് കുന്നത്തുകര ചിറവരമ്പേൽ വീട്ടിൽ സുധാകരൻ(65) മരണപ്പെട്ട കേസിലാണ് പോലീസ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. സുധാകരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി കാവട വീട്ടിൽ അനിലി(45) നെയാണ് അറസ്റ്റ് ചെയ്തത്. സുധാകരൻ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാർച്ച് 24 മുതൽ ചികിത്സയിൽ കഴിഞ്ഞുവരവെ, മകൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പിതാവിന് പരിക്കേറ്റത് സംബന്ധിച്ച് സംശയം ഉണ്ടെന്നും സംഭവ ദിവസം അനിലും, സുധാകരനും തമ്മിൽ തർക്കമുണ്ടായതായും, പരാതിയിൽ ആരോപിച്ചിരുന്നു. ചികിത്സയിൽ കഴിഞ്ഞുവരവേ സുധാകരൻ ഈമാസം 11 നാണ് മരണപ്പെട്ടത്.
പ്രതിയായ ആനിലിൻറെ കൃഷിസ്ഥലത്ത് സുധാകരൻ കൂലിപണിചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ശേഷം കൂലിയെ സംബന്ധിച്ച് തർക്കമുണ്ടാകുകയും തുടർന്ന് അനിൽ സുധാകരനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദനത്തിൽ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം കഴിഞ്ഞ് പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പട്ടു. പരാതിയെതുടർന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിൻറെ നിർദ്ദേശ പ്രകാരം അടൂർ ഡി.വൈ.എസ്.പി ആർ. ജയരാജിൻറെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്. റ്റി. ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ രഹസ്യമായി നിരീക്ഷിക്കുകയും, സമീപവാസികളോടും, ബന്ധുക്കളോടും മറ്റും അന്വേഷണ നടത്തുകയും ശനിയാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു ജില്ലാ പോലീസ് ഫോറൻസിക് വിഭാഗം, ശാസ്ത്രീയ അന്വേഷണവിഭാഗം, വിരലടയാള വിദഗ്‌ദ്ധർ, പോലീസ് ഫോട്ടോഗ്രാഫർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലിസ് മർദ്ദനത്തിന് ഉപയോഗിച്ച മൺവെട്ടിയും, കസേരയും കണ്ടെടുത്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ മാരായ വിപിൻ കുമാർ, ജലാലുദ്ദീൻ റാവുത്തർ, സി പി ഓ മാരായ സൂരജ്. ആർ.കുറുപ്പ്, റോബി ഐസക്, ശ്രീജിത്ത്, പ്രവീൺ. റ്റി, അമൽ. ആർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.